ആതിഖ് അഹമ്മദിന്റെ മകൻ അസദിനെ യു.പി പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു
ലഖ്നോ: മുൻ എം.പിയും ക്രിമിനൽ കേസ് പ്രതിയുമായ ആതിഖ് അഹമ്മദിന്റെ മകൻ അസദിനെയും തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഗുലാം എന്നയാളെയും ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) ഝാൻസിയിൽ ഏറ്റുമുട്ടലിൽ വധിച്ചു. ഡെപ്യൂട്ടി എസ്.പിമാരായ നവേന്ദു, വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് സംഘമാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
മരിച്ചവരിൽ നിന്ന് അത്യാധുനിക വിദേശ നിർമ്മിത ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. താനും കുടുംബാംഗങ്ങളും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ആതിഖ് അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹരജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി ഹൈകോടതിയെ സമീപിക്കാനാണ് നിർദേശിച്ചത്.
ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് തന്നെ യു.പിയിലെ ജയിലിലേക്ക് മാറ്റുന്നത് വധിക്കാനാണെന്നും അതിനാൽ ജയിൽ മാറ്റം തടയണമെന്നും തനിക്ക് സംരക്ഷണം നൽകണമെന്നുമായിരുന്നു ആതിഖിന്റെ ആവശ്യം. ‘എന്റെ കുടുംബം നശിച്ചു. മാധ്യമങ്ങൾ ഉള്ളതിനാൽ ഞാൻ സുരക്ഷിതനാണ്. ജയിലിൽ ജാമറുകൾ സ്ഥാപിച്ചതിനാൽ ഞാൻ ആരെയും ഫോണിൽ വിളിച്ചിട്ടില്ല. ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല, കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുകയാണ്’ 60 കാരനായ മുൻ ഉത്തർപ്രദേശ് എം.എൽ.എയും ലോക്സഭാംഗവുമായ ആതിഖ് അഹമ്മദ് ഇന്നലെ പറഞ്ഞു.