വിടാതെ പ്രതിപക്ഷം; ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല; കണ്ണൂരും കോഴിക്കോടും കരിങ്കൊടി പ്രതിഷേധം

The opposition without leaving; Chennithala says Chief Minister should express regret; Black flag protest in Kannur and Kozhikode

കോഴിക്കോട്: മലപ്പുറം പരാമർശം പിആർ ഏജന്‍സി ഉള്‍പ്പെടുത്തിയതാണെന്ന വിവരം ദ ഹിന്ദു പത്രം അറിയിച്ചെങ്കിലും മുഖ്യമന്ത്രിയെ വിടാതെ പ്രതിപക്ഷം. വിവാദ അഭിമുഖത്തിൽ ഖേദം പ്രകടിപ്പിക്കേണ്ടത് ദ ഹിന്ദു അല്ല, മുഖ്യമന്ത്രിയാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പറയാത്ത കാര്യമല്ല പ്രസിദ്ധീകരിച്ചതെങ്കിൽ മുഖ്യമന്ത്രി തുറന്നു പറയണം. അഭിമുഖം വന്ന് 48 മണിക്കൂറിനു ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഭിമുഖം: ഖേദം പ്രകടിപ്പിച്ച് ‘ദ ഹിന്ദു’ പത്രം; ‘മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയത്’

മുഖ്യമന്ത്രിക്ക് ഒപ്പമുള്ള പിആർ ഏജൻസി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് ഗൗരവം കൂട്ടുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം പരാമർശത്തിൽ പി.ആർ ഏജൻസിയെ പഴിചാരുന്നതിൽ കാര്യമില്ല. പി.ആർ ഏജൻസിയാണെന്ന് പറഞ്ഞ് മാറിനിന്നതുകൊണ്ടു കാര്യമില്ല, നടപടിയാണ് വേണ്ടത്. ഒരു ജനവിഭാ​ഗത്തെ തീവ്രവാദിയാക്കാനുള്ള ശ്രമം നടക്കുകയാണല്ലോ. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് വടകര തെരഞ്ഞെടുപ്പിൽ നാം കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പിആർ എജൻസി ആണോ മുഖ്യമന്ത്രിയുടെ നാവെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. ആർഎസ്എസുകാരുടെ പിആർ ഏജൻസി എഴുതിത്തന്നതാണ് എന്ന് പറഞ്ഞ് സ്വയം അപഹാസ്യൻ ആകേണ്ട. തെറ്റു പറ്റി എന്ന് സമ്മതിച്ചാൽ മതി. എസ്എസ്എൽസി പരീക്ഷയിൽ മലപ്പുറം ജില്ല ഉന്നതവിജയം നേടിയപ്പോൾ വിഎസ് പറഞ്ഞത് ഓർമയുണ്ടല്ലോ. ആ പാർട്ടിയുടെ ഒരു ജില്ലയോടുള്ള നിലപാട് ആണ് അത്. ചാപ്പയടി സിപിഎം എല്ലാ കാലത്തും നടത്തുന്നതാണ്. കേരളത്തിൽ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നത് സിപിഎം ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ കണ്ണൂരും കോഴിക്കോടും കരിങ്കൊടി പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകൾ രം​ഗത്തെത്തി. കണ്ണൂരില്‍ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും കോഴിക്കോട് യൂത്ത് ലീഗ്, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുമാണ് മുഖ്യമന്ത്രിക്കു നേര കരിങ്കൊടി വീശിയത്. മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകർ പ്രാദേശികതല പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *