കോൺഗ്രസ് മൂന്നാം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; സിദ്ധരാമയ്യയ്ക്ക് കോലാറിൽ സീറ്റില്ല

ബംഗളൂരു: കർണാടകയിലെ സംസ്ഥാന തെരഞ്ഞെടുപ്പിലേക്കുള്ള മൂന്നാം സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോലാറിൽ സീറ്റ് നൽകിയില്ല. കോലാറിൽ കൊത്തൂർ ജി മഞ്ജുനാഥാണ് മത്സരിക്കുക. അതേസമയം, ബിജെപി വിട്ടുവന്ന മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിക്ക് സീറ്റ് നൽകി. അത്തനിയിലാണ് ഇദ്ദേഹം മത്സരിക്കുക. ഇനി പ്രഖ്യാപിക്കാൻ ബാക്കിയുള്ളത് 15 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ മാത്രമാണ്.

സിദ്ധരാമയ്യ മൈസൂരിലെ വരുണയിലാണ് മത്സരിക്കുക. കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് വരുണ. 2008, 2013 വർഷങ്ങളിൽ സിദ്ധരാമയ്യ വിജയം കണ്ട മണ്ഡലം കൂടിയാണ് വരുണ. കനകപുരയിൽ നിന്നാണ് കർണാടക പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ ജനവിധി തേടുന്നത്. മെയിലാണ് കർണാടക നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത്. ആകെ 225 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് മിക്കയിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കളെല്ലാം ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിടിച്ചിരുന്നു.

മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര സംവരണ മണ്ഡലമായ കൊരാട്ടഗരെയിൽ നിന്ന് മത്സരിക്കും. ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കിടെ കെ.എച്ച്. മുനിയപ്പയും സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ദേവനഹള്ളിയിലാണ് അദ്ദേഹം മത്സരിക്കുക.

മലയാളികളും ഇത്തവണ സജീവമായി രംഗത്തുണ്ട്. എൻഎ ഹാരിസ് ശാന്തിനഗറിൽ നിന്നും കെജെ ജോർജ് സർവജ്ഞനഗറിൽ നിന്നും മത്സരിക്കും. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും സ്ഥാനാർഥി പട്ടികയിലുണ്ട്. ചിത്താപുറിൽ നിന്ന് തന്നെയാണ് പ്രിയങ്ക് ജനവിധി തേടുക. കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 10 ന് ഒറ്റ ഘട്ടമായി നടക്കും. വോട്ടെണ്ണൽ മെയ് 13നാണ്.

Leave a Reply

Your email address will not be published. Required fields are marked *