ചെങ്കടലിൽ പുതിയ പോർമുഖം തുറക്കാൻ ഹൂതികൾ, കപ്പൽ ഉടമകൾക്ക് ഇ-മെയിൽ വഴി ഭീഷണി; സുരക്ഷാ നിർദേശവുമായി ഇയു നാവികസേന

Houthis threaten shipowners via e-mail to open new port in Red Sea; EU navy with security directive

സൻആ: ലബനാനിലും ഗസ്സയിലും ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ ചെങ്കടലിൽ പുതിയ ആക്രമണനീക്കവുമായി ഹൂതികൾ. ‘നാലാംഘട്ട’ സൈനിക നീക്കത്തിന്റെ തുടക്കമെന്നാണ് യൂറോപ്യൻ യൂനിയൻ നാവിക സേനയായ ‘ആസ്‌പൈഡ്‌സ്’ ഇതിനെ വിശേഷിപ്പിച്ചത്. അതിനിടെ, കടൽ വഴി ചരക്കു ഗതാഗതം തുടർന്നാൽ ആക്രമണമുണ്ടാകുമെന്നു സൂചന നൽകി കപ്പൽ ഉടമകൾക്ക് ഹൂതികൾ അയച്ച ഇ-മെയിൽ സന്ദേശങ്ങളും പുറത്തായിരിക്കുകയാണ്. ഗ്രീക്ക് കപ്പൽ ഉടമകൾക്കു ലഭിച്ച ഭീഷണി സന്ദേശം അന്താരാഷ്ട്ര വാർത്താ ഏജൻസി ‘റോയിട്ടേഴ്‌സ്’ പുറത്തുവിട്ടു.

ഹൂതി ഭീഷണിക്കിടെ ചെങ്കടൽ വഴി ചരക്കുഗതാഗതം നടത്താൻ 200ലേറെ കപ്പലുകൾക്ക് സുരക്ഷയൊരുക്കിയിരുന്നു ആസ്‌പൈഡ്‌സ്. ഇതേ സേന തന്നെയാണ് ഹൂതികൾ പുതിയ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതായുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്. കപ്പൽ ഉടമകളുമായുള്ള രഹസ്യയോഗത്തിലാണ് ഇയു നാവികസേനയുടെ മുന്നറിയിപ്പ്. ആഴ്ചകൾക്കുമുൻപാണു യോഗം ചേർന്നത്.

ഗസ്സയിൽ കൂട്ടക്കുരുതി; അതിര്‍ത്തിക്കപ്പുറത്ത് ഡിജെ പാർട്ടിയും ടിക്‌ടോക് ആഘോഷങ്ങളും-ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾ വിവരിച്ച് അൽജസീറ ഡോക്യുമെന്‍ററി

കപ്പലുകളുടെ സഞ്ചാരപാത ട്രാക്ക് ചെയ്യാവുന്ന ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം(എഐഎസ്) ഓഫാക്കാൻ ആസ്‌പൈഡ്‌സ് കപ്പൽ ഉടമകൾക്കു നിർദേശം നൽകിയിയിട്ടുണ്ട്. എഐഎസ് ഓൺ ചെയ്ത 75 ശതമാനം കപ്പലുകൾക്കുനേരെയും ഹൂതി മിസൈലുകൾ കൃത്യമായി പതിച്ചിട്ടുണ്ട്. സിസ്റ്റം ഓഫ് ചെയ്തപ്പോൾ 96 ശതമാനം ആക്രമണവും പരാജയപ്പെട്ടിട്ടുണ്ടെന്നും യോഗത്തിൽ സൂചിപ്പിച്ചിരുന്നു. അതേസമയം, പുതിയ ഹൂതി ആക്രമണതന്ത്രത്തെ കുറിച്ചു പരസ്യമായി വിശദീകരിക്കാൻ ആസ്‌പൈഡ്‌സ് തയാറായിട്ടില്ല.

ഇതിനിടയിൽ, ഹൂതി ഇ-മെയിൽ മുന്നറിയിപ്പുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും പുറത്തുവരികയാണ്. ഹൂതികളും വാണിജ്യ കപ്പൽ കമ്പനികളും തമ്മിലുള്ള ആശയവിനിമയത്തിന് ഇടനിലയ്ക്കാരായി പ്രവർത്തിക്കുന്ന ഹ്യൂമനിറ്റേറിയൻ ഓപറേഷൻസ് കോ-ഓർഡിനേഷൻ സെന്റർ(എച്ച്ഒസിസി) ആണ് ഇ-മെയിൽ അയച്ചതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നത്. ചെങ്കടലിലെ ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ രൂപീകരിച്ച സമിതിയാണ് എച്ച്ഒസിസി. കപ്പൽ ഉടമകൾ, ഇൻഷുറൻസ് കമ്പനികൾ, പ്രധാനപ്പെട്ട നാവികർ എന്നിവർക്കെല്ലാം സന്ദേശം ലഭിച്ചിട്ടുണ്ട്.

യുദ്ധവ്യാപന ആശങ്കകൾ പങ്കുവെച്ച് ഏഷ്യൻ കോഓപറേഷൻ രാജ്യങ്ങളുടെ ദോഹ ഉച്ചകോടി

ചെങ്കടൽ വഴി ഇസ്രായേൽ തുറമുഖത്തേക്ക് സഞ്ചരിക്കുന്നതിന് ഹൂതികൾ ഏർപ്പെടുത്തിയിരുന്ന വിലക്ക് ലംഘിച്ചെന്നാണ് ഒരു കപ്പൽ ഉടമയ്ക്കു ലഭിച്ച ഇ-മെയിലിൽ സൂചിപ്പിക്കുന്നത്. ഇതിനാൽ ഏതു സമയത്തും യമൻ സായുധ സംഘത്തിന്റെ ആക്രമണമുണ്ടാകാമെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നിരോധിത പട്ടികയിലുള്ള കപ്പലുകൾക്കെതിരെയുള്ള പ്രത്യാഘാതങ്ങൾ നിങ്ങളും നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിലക്ക് ലംഘിച്ചാൽ കമ്പനിയുടെ എല്ലാ കപ്പലുകൾക്കുനേരെയും ഉപരോധമുണ്ടാകുമെന്ന് മേയ് മാസം അയച്ച ഇ-മെയിലിൽ കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തങ്ങൾ പ്രഖ്യാപിച്ച വിലക്കുകൾ ലംഘിക്കുകയോ ഇസ്രായേൽ തുറമുഖത്തേക്കു പോകുകയോ ചെയ്താൽ കടുത്ത നടപടിയുണ്ടാകുമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാൽ പേരുവെളിപ്പെടുത്താൻ കപ്പൽ കമ്പനിയും മേധാവിയും വിസമ്മതിച്ചു.

ഇതിനുശേഷം ആറ് ഗ്രീക്ക് കമ്പനികൾക്ക് നേരിട്ടും രണ്ട് കമ്പനികൾക്ക് അല്ലാതെയും ഇ-മെയിൽ വഴി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ സമാനമായ സന്ദേശം ലഭിച്ചെന്ന് മറ്റൊരു കമ്പനിയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇ-മെയിൽ മുന്നറിയിപ്പുകളെ കുറിച്ചു പ്രതികരിക്കാൻ ഹൂതികൾ തയാറായിട്ടില്ല. രഹസ്യ സൈനിക വിവരങ്ങളായതു കൊണ്ടു വെളിപ്പെടുത്താനാകില്ലെന്നാണ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്.

ഇതാദ്യമായാണ് ആക്രമണത്തിനു മുൻപ് ഇ-മെയിൽ വഴി ഹൂതികൾ മുന്നറിയിപ്പ് നൽകിയെന്ന വാർത്ത പുറത്തുവരുന്നത്. ഇസ്രായേലുമായി ചെറിയ തരത്തിൽ ബന്ധമുള്ള ഗ്രീക്ക് കപ്പലുകളെയും ഹൂതികൾ ലക്ഷ്യമിട്ടിരുന്നു. ചെങ്കടൽ വഴിയുള്ള ചരക്കുഗതാഗതം പൂർണമായി തടയുകയാണ് സംഘം ലക്ഷ്യമിടുന്നത്. കഴിഞ്ഞ സെപ്റ്റംബർ വരെ ചെങ്കടലിലുണ്ടായ ആക്രമണങ്ങളിൽ 30 ശതമാനവും ഗ്രീക്ക് കപ്പലുകൾക്കുനേരെയായിരുന്നു.

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരവെ കഴിഞ്ഞ നവംബറിലാണ് ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ ‘ചെങ്കടൽ യുദ്ധം’ പ്രഖ്യാപിച്ചത്. ചെങ്കടൽ വഴി ഇസ്രായേലിലേക്ക് ചരക്കുമായി പോകുന്ന കപ്പലുകൾ ആക്രമിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനുശേഷം ഇതുവരെയായി 100ഓളം കപ്പലുകൾ ആക്രമിക്കപ്പെട്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നത്. രണ്ട് കപ്പലുകൾ കടലിൽ മുക്കുകയും ഒരു കപ്പൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നാല് കപ്പൽ നാവികരെ കൊല്ലുകയും ചെയ്തിട്ടുണ്ട്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണു പ്രധാനമായും ആക്രമണം നടക്കുന്നത്. സ്‌ഫോടക വസ്തു നിറച്ച ബോട്ടുകൾ കപ്പലുകൾക്കു നേരെ അയച്ചും ആക്രമണം നടന്നിരുന്നു.

ഹൂതി ഭീഷണിയെ തുടർന്ന് നിരവധി കപ്പലുകൾ ഇസ്രായേലിലേക്കുള്ള ചരക്കുഗതാഗതം നിർത്തിവച്ചിരുന്നു. മിക്ക കപ്പലുകളും ആഫ്രിക്കയിലൂടെ ദീർഘദൂരം കറങ്ങിത്തിരിങ്ങാണ് ഇപ്പോൾ യാത്ര തുടരുന്നത്. ഇതുമൂലം ശതകോടികളുടെ നഷ്ടമാണ് മേഖലയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഹൂതികളുമായി സഹകരണമുള്ള ചൈനീസ്-റഷ്യൻ കപ്പലുകൾ ചെങ്കടൽ വഴി ഗതാഗതം തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *