‘ദിവ്യ നടത്താൻ പോകുന്ന പരാമർശങ്ങളെ കുറിച്ച് കലക്ടർക്ക് അറിയാമായിരുന്നു’: കണ്ണൂർ കലക്ടർക്കെതിരെ ജീവനക്കാർ

'Collector knew about the remarks Divya was going to make': Employees against Kannur Collector

കണ്ണൂർ: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കണ്ണൂർ കലക്ടർ അരുൺ കെ വിജയനെതിരെ എഡിഎമ്മിന്റെ ഓഫീസിലെ ജീവനക്കാരുടെ മൊഴി. പി.പി ദിവ്യ നടത്താൻ പോകുന്ന പരാമർശങ്ങളെക്കുറിച്ച് കലക്ടർക്ക് അറിയുമായിരുന്നുവെന്നും നേരത്തെ അറിയാമായിരുന്നതുകൊണ്ടാണ് കലക്ടർ ഇടപെടാതിരുന്നത് എന്നുമാണ് ഉദ്യോഗസ്ഥർ പൊലീസിന് മൊഴി നൽകിയത്.

അതേസമയം ക്ഷണിച്ചതിന്റെ ഭാ​ഗമായാണ് ചടങ്ങിലെത്തിയതെന്ന ദിവ്യയുടെ വാദവും ജീവനക്കാർ തള്ളി. ചടങ്ങിലേക്ക് പുറത്തുനിന്ന് ആരെയും ക്ഷണിച്ചിരുന്നില്ലെന്നും പരിപാടിയിൽ പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും മൊഴിയിലുണ്ട്. ദിവ്യയുടെ വാക്കുകൾ ഞെട്ടിപ്പിച്ചുവെന്നും, അതിനൊന്നും മറുപടി പറയാതെ ചുരുങ്ങിയ വാക്കുകളിൽ നന്ദി പറഞ്ഞാണ് നവീൻ ബാബു മറുപടി പ്രസംഗം അവസാനിപ്പിച്ചതെന്നും ഉദ്യോഗസ്ഥരുടെ മൊഴിയിൽ ഉണ്ട്.

കഴിഞ്ഞ ദിവസമാണ് കലക്ട്രേറ്റ് ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ടി.വി പ്രശാന്തനിൽ നിന്ന് കണ്ണൂർ ടൗൺ എസ് എച്ച് ഒ ഇന്നലെ മൊഴി എടുത്തിരുന്നു. അതേസമയം എഡിഎമ്മിന്റെ ആത്മഹത്യയിൽ പി.പി ദിവ്യ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *