സൗദി പ്രോ ലീഗിൽ അൽ-ഹിലാലിനോട് തോറ്റ് റൊണാൾഡോയുടെ അൽ-നസ്ർ
സൗദി പ്രോ ലീഗിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ-നസ്ർ എഫ്.സിക്ക് പരാജയം. അൽ-ഹിലാലാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ നസ്റിനെ തോൽപ്പിച്ചിരിക്കുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഒഡിയോൻ ഇഗാലോ അൽ-ഹിലാലിനു വേണ്ടി ഇരട്ട ഗോളുകൾ നേടി.
ആദ്യ പകുതിയിൽ 42-ാം മിനുറ്റിലും രണ്ടാം പകുതിയിൽ 62-ാം മിനുറ്റിലും ലഭിച്ച പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചാണ് താരം ഇരട്ട ഗോളുകൾ ടീമിനായി നേടിയത്. ഇന്നു വിജയിക്കുകയാണെങ്കിൽ പോയിന്റു ടേബിളിൽ ഒന്നാമതുളള അൽ-ഇത്തിഹാദിന്റെ ഒപ്പമെത്താൻ ക്രിസ്ത്യാനോയുടെ ടീമിനാകുമായിരുന്നു.
ഇന്ന് വിജയിച്ച അൽ-ഹിലാൽ എഫ്.സി മെസ്സിക്കായി 3600 കോടി രൂപയുടെ കരാർ ഓഫർ ചെയ്തതായി ഈയടുത്ത് വാർത്തകൾ വന്നിരുന്നു. ഫുട്ബോളിൽ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സൗദി അറേബ്യ വൻ പദ്ധതികളാണ് അണിയറയിൽ ഒരുക്കുന്നതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഇതുവരെ മെസ്സി ഇത്തരം വാഗ്ദാനങ്ങളെ പറ്റിയോ വാർത്തകളെ പറ്റിയോ പ്രതികരണം നടത്തിയിട്ടില്ല.