ഹിന്ദിയിൽ കത്തയച്ച് കേന്ദ്രമന്ത്രി; ഒന്നും മനസിലായില്ലെന്ന് തമിഴിൽ മറുപടി അയച്ച് ഡിഎംകെ എംപി

Tamil

ചെന്നൈ: കേന്ദ്രമന്ത്രി ഹിന്ദിയിൽ അയച്ച കത്തിന് തമിഴിൽ മറുപടി നൽകി ഡിഎംകെ നേതാവ്. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു ‍ഡിഎംകെ രാജ്യസഭാ എംപി പുതുക്കോട്ടൈ എം.എം അബ്ദുല്ലയ്ക്കയച്ച കത്തിനാണ് അദ്ദേഹം സ്വന്തം ഭാഷയായ തമിഴിൽ മറുപടി നൽകിയത്. ഹിന്ദിയിലുള്ള കത്തിലെ ഒന്നും മനസിലായില്ലെന്നാണ് എംപിയുടെ മറുപടി.Tamil

ഈ മാസം 21നാണ് മന്ത്രി ഡിഎംകെ എംപിക്ക് കത്തയച്ചത്. തീവണ്ടികളിലെ ഭക്ഷണത്തിൻ്റെ ഗുണനിലവാരം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് അബ്ദുല്ല ഉന്നയിച്ച ചോദ്യങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രിയായ ബിട്ടു അബ്ദുല്ലയ്ക്ക് കത്തയച്ചത്.

ഇതിനുള്ള എംപിയുടെ കത്തിലെ വരികൾ ഇങ്ങനെ- ‘വണക്കം, നിങ്ങളയച്ച കത്ത് കിട്ടി. എനിക്ക് ഹിന്ദി അറിയില്ല. അതുകൊണ്ടു തന്നെ അതിലെന്താണ് എഴുതിയിരിക്കുന്നതെന്നും മനസിലായില്ല. അതിനാൽ അടുത്ത തവണ കത്തയയ്ക്കുമ്പോൾ ഇം​ഗ്ലീഷിൽ അയയ്ക്കുക’.

തനിക്ക് ഹിന്ദി അറിയില്ലെന്ന് കേന്ദ്ര സഹമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിരവധി തവണ ഓർമപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശയവിനിമയങ്ങൾ ഇപ്പോഴും അതേ ഭാഷയിലാണ് അയയ്‌ക്കുന്നതെന്ന് രണ്ട് കത്തിൻ്റെയും പകർപ്പ് സോഷ്യൽമീഡിയയിൽ പങ്കുവച്ച് അബ്ദുല്ല തമിഴിൽ കുറിച്ചു.

”മന്ത്രിയുടെ ഓഫീസിൽനിന്നുള്ള കത്ത് എപ്പോഴും ഹിന്ദിയിലാണ്. അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരെ വിളിച്ച് ‘എനിക്ക് ഹിന്ദി അറിയില്ല, ദയവായി കത്ത് ഇംഗ്ലീഷിൽ അയയ്ക്കുക’ എന്ന് പറഞ്ഞിട്ടും വീണ്ടും കത്ത് ഹിന്ദിയിൽ വരുന്നു. അതോടെ ഞാൻ അദ്ദേഹത്തിന് ‘മനസിലാകാൻ’ ഒരു മറുപടി അയച്ചു. ഇനി മുതൽ അവർ മനസിലാക്കി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു”- എക്സിൽ പോസ്റ്റിൽ പറയുന്നു.

ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്നു കാട്ടി ഡിഎംകെ കേന്ദ്രസർക്കാരിനെതിരെ നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പ്രാദേശിക ഭാഷകൾക്കല്ല, ഇംഗ്ലീഷിന് ബദലായി ഹിന്ദി ഉപയോ​ഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിച്ച ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ, ഇത് രാജ്യത്തിൻ്റെ അഖണ്ഡതയെ തകർക്കുമെന്ന് പറഞ്ഞിരുന്നു.

ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പരിപാടികൾ ഒഴിവാക്കണമെന്ന് ഈ മാസം 18ന് പ്രധാനമന്ത്രിയോട് എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷാധിഷ്ഠിത പരിപാടികൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *