എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
മലപ്പുറം: മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മരിച്ച റിദാൻ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന ഷാൻ മുഹമ്മദ് ആണ് അറസ്റ്റിലായത്. വെടി വെക്കാൻ ഉപയോഗിച്ച തോക്ക് ഉൾപ്പെടെ കണ്ടെത്താൻ ഇന്ന് തെളിവെടുപ്പ് നടക്കും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നു വിവരം.
ഈ മാസം 22നാണ് ചെമ്പക്കുത്ത് മലയിൽ റിദാനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വെടിയുണ്ടകൾ ഏറ്റ മുറിവ് റിദാന്റെ ശരീരത്തിൽ ഉണ്ട്. ഒരു വെടിയുണ്ട ശരീരത്തിന് ഉള്ളിൽ നിന്നും കണ്ടെത്തി. തലക്ക് പിന്നിലും വയറിലും ആഴത്തിൽ മുറിവ് ഉണ്ട്. ചെറിയ പെല്ലെറ്റ് ആണ് ശരീരത്തിനുള്ളിൽ നിന്ന് ലഭിച്ചത്. എയർ ഗൺ ആകാം വെടിവെയ്ക്കാൻ ഉപയോഗിച്ചത് എന്നാണ് പോലീസ് നിഗമനം. ഇതുമായി ബന്ധപ്പെട്ടു വിദഗ്ദ പരിശോധനക്ക് നടക്കുണ്ട്. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം പുരോഗമിക്കുന്നത്.
റിദാൻ മൂന്ന് ആഴ്ച്ച മുമ്പാണ് മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയത്. സ്വർണക്കടത്തു ബന്ധമുള്ള റിദാന്റെ സുഹൃത്തുക്കൾ കേന്ദ്രീകരിച്ചും റിദാൻ നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതി ആയതിനാൽ മയക്കുമരുന്ന് മാഫിയ സംഘങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്.