തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; ഗുരുതര പരിക്ക്
പാലക്കാട്: തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് അട്ടപ്പാടി ഭൂതിവഴിയിലെ കൃഷിയിടത്തിൽ തേങ്ങ പൊളിക്കുന്നതിനിടെയാണ് അപകടം. മലപ്പുറം മഞ്ചേരി സ്വദേശഅബ്ദുൽ റൗഫിന്റെ (38) കൈ അബദ്ധത്തിൽ യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആൾ വേഗത്തിൽ യന്ത്രം ഓഫാക്കിയെങ്കിലും കൈ മുട്ടടക്കം യന്ത്രത്തിന്റെ ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ യന്ത്രം പൊളിച്ചാണ് യുവാവിന്റെ കൈ പുറത്തെടുത്തത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സമീപത്തുള്ള വർക്ക്ഷോപ്പ് ജീവനക്കാരും വെൽഡർമാരും എത്തിയാണ് യന്ത്രം പൊളിച്ചത്.
റൗഫിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റൗഫിന് പ്രാഥമിക ചികിത്സ നൽകുന്നതിനായി കോട്ടത്തറ ഹോസ്പിറ്റൽ സൂപ്രണ്ട് പത്മനാഭൻ അഗളി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഡോക്ടർ മിഥുൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. മരവിച്ച ശേഷമാണ് റൗഫിന്റെ കൈ പുറത്തെടുത്തത്. വലതുകൈയുടെ വിരലുകൾക്കും കൈപ്പത്തിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം രോഗിയെ നിരീക്ഷണത്തിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.