16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയ
16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. അടുത്തയാഴ്ച ചേരുന്ന പാർലമെൻ്റിൽ ഇതുമായി ബന്ധപ്പെട്ട നിയമം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് പറഞ്ഞു. നിയമം പാർലമെന്റിൽ പാസ്സായാൽ ഒരു വർഷത്തിനകം നടപ്പിലാക്കുമെന്നും ശേഷം അവലോകനത്തിന് വിധേയമാകുമെന്നും ആൻ്റണി അൽബാനീസ് കൂട്ടിച്ചേർത്തു.
കുട്ടികളുടെ മാനസികാരോഗ്യത്തിലും സുരക്ഷയിലും സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മാതാപിതാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കാനാണ് അടുത്തയാഴ്ച പാർലമെൻ്റിൽ അവതരിപ്പിക്കാനിരിക്കുന്ന ഈ നിയമം ലക്ഷ്യമിടുന്നത്. എന്നാൽ ഈ നിരോധനം യുവാക്കളെ ബാധിക്കില്ലെന്നും സർക്കാർ അറിയിക്കുന്നു.
Also Read: ‘ഷാമ്പൂ’ ആണെന്ന് കരുതി യമുനാ നദിയിലെ വിഷപ്പത കൊണ്ട് മുടി കഴുകി യുവതി
കുട്ടികൾ സോഷ്യൽ മീഡിയയിലേയ്ക്ക് പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായിരിക്കും. നിയമങ്ങൾ നടപ്പിലാക്കുന്നത് ഓസ്‌ട്രേലിയയുടെ ഓൺലൈൻ റെഗുലേറ്ററായ ഇ സേഫ്റ്റി കമ്മീഷണറാണെന്നും അൽബാനീസ് പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ സമ്മതിക്കുന്നുണ്ട്.ഓൺലൈൻ ഇടങ്ങൾ എങ്ങിനെ ഗുണകരമായി ഉപയോഗിക്കാം എന്നുള്ള കാര്യങ്ങളിലല്ല പകരം ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിലേക്കാണ് കൗമാരക്കാർ അവരുടെ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കുന്നതെന്നും ഇക്കാര്യങ്ങളാണ് നിരോധനമേർപ്പെടുത്താനുള്ള ഒരു പ്രധാന കാരണമായി കാണുന്നതെന്നും വിദഗ്‌ധർ വ്യക്തമാക്കുന്നു.