32,000 പേരെ മതംമാറ്റി സിറിയയിലെത്തിച്ചതിന് തെളിവ് നൽകിയാൽ ഒരു കോടി ഇനാം; വെല്ലുവിളിച്ച് മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്: 32,000 ‘ലവ് ജിഹാദ്’ കേസ് ആരോപണം തെളിയിക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത് ലീഗ്. വിവാദ സിനിമ ‘ദി കേരള സ്‌റ്റോറി’യെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെയാണ് യൂത്ത് ലീഗിന്റെ ഇടപെടൽ. 32,000 പേരെ മതംമാറ്റിയെന്ന സംഘ്പരിവാർ വാദങ്ങൾ തെളിയിക്കുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.

രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ്പരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിലൊന്നാണ് ‘ലവ് ജിഹാദ്’ വഴി മതംമാറ്റി സിറിയയിലേക്ക് കടത്തിയെന്ന ആരോപണമെന്ന് പി.കെ ഫിറോസ് പറഞ്ഞു. കേരളത്തിൽ 32,000 പേരെ ഇവ്വിധം മാറ്റിയെന്ന് സംഘ് സ്‌പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കൈയിലുണ്ടെന്ന വാദത്തോടെ പറയുമ്പോൾ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തിയിരിപ്പാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഫിറോസ് ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട് തെളിവ് കൊണ്ടുവരുന്നവർക്ക് ഒരു കോടി രൂപ മുസ്ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തെളിവ് കൈയിലുള്ള ആർക്കും മുസ്ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിൽ സമർപ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *