സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന് പരാതി
പാലക്കാട്: അട്ടപ്പാടിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. സേനകളിൽ തൊഴിൽ ലഭിക്കുമെന്ന് പറഞ്ഞ് പണം വാങ്ങിയതായാണ് പരാതി. മറ്റൊരു തട്ടിപ്പു കേസിൽ ആരോപണ വിധേയനായ മുഹമ്മദ് മുബീനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
എ.പി.ടി അട്ടപ്പാടി പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്റർ എന്ന പേരിൽ പ്രീ റിക്രൂട്ട്മെന്റ് കോച്ചിങ് ക്യാമ്പുകൾ മുബീൻ നടത്തിയിരുന്നു. തന്റെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പൊലീസിലും കര നാവിക, വ്യോമ സേനകളിലും അർധ സൈനിക വിഭാഗങ്ങളിലും ജോലി ലഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതായി വിദ്യാത്ഥികളും രക്ഷിതാക്കളും പറയുന്നു. നിരവധി പേരിൽ നിന്നായി 1000 മുതൽ 3000 രൂപ വരെ വാങ്ങി.
മുബീനെതിരെ നിരവധി പേർ പൊലീസിൽ പരാതി നൽകി. സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ മുബീനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.