ചായ ഒന്നാറട്ടെ; പൊള്ളും ചൂടിൽ കുടിച്ചാൽ കാൻസർ വന്നേക്കാമെന്ന് പഠനം
ചായ ചൂടാറിയാൽ ദേഷ്യപ്പെടുന്ന ആളുകളുണ്ട്. ചൂട് നോക്കാതെ ഒറ്റയടിക്ക് ചായ കുടിക്കുന്ന ചിലരുമുണ്ട്. ചൂടില്ലാതെ ചായയോ കാപ്പിയോ ആസ്വദിച്ച് കുടിക്കാനാവില്ല എന്നതാണ് ഇതിന് പറയുന്ന ന്യായം. ചൂടോടെ ചായ കുടിക്കുന്നത് ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടാക്കുമോ എന്ന് എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ. എന്നാൽ ചോദിക്കാൻ സമയമായി.
ചൂട് കൂടുതലുള്ള പാനീയങ്ങൾ കാൻസറിന് കാരണമായേക്കാമെന്ന് തെളിയിക്കുന്ന പഠനം പുറത്തുവന്നിരിക്കുകയാണ്. അന്നനാളത്തെ ബാധിക്കുന്ന അപൂർവമായ ഒസോഫൊജിയൽ കാൻസർ വരാനാണ് ചൂടുള്ള പാനീയങ്ങൾ കാരണമാവുന്നത്. ചായയിലെയോ കാപ്പിയിലെയൊ രാസ വസ്തുക്കളല്ല മറിച്ച് ചൂട് തന്നെയാണ് ഈ കാൻസറിന് കാരണമാവുന്നത്.
ഗവേഷണ പഠനങ്ങളുടെ സമന്വയമായ മെറ്റ-അനാലിസിസുകളുടെ ഗവേഷണം പ്രകാരമാണ് ഓസോഫോഗൽ സ്‌ക്വമാസ് സെൽ കാർസിനോമ എന്ന കാൻസർ വരാൻ ചൂട് പാനീയങ്ങൾ കുടിക്കുന്നവർക്കുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്.
ചൂട് ചായ കുടിക്കുന്നത് നാക്കിനെ പൊള്ളിക്കാറുള്ളത് പോലെ അന്നനാളത്തിനും പോറലേൽപ്പിക്കുന്നുണ്ട്. ആവർത്തിച്ചാവർത്തിച്ച് ചൂട് ദ്രാവകങ്ങൾ കുടിക്കുന്നതാണ് പിന്നീട് കാൻസറിന് വഴിവെക്കുന്നത്.
അമിതമായി ചൂടുള്ള പദാർഥങ്ങൾ കഴിക്കുമ്പോഴും കുടിക്കുമ്പോഴും അന്നാളത്തിന്റെ ആവരണമാണ് ചൂട് ആഗിരണം ചെയ്യുന്നത്. എന്നാൽ അമിതമായ ചൂട് ആവരണത്തിൽ പോറലുണ്ടാക്കുന്നു. വീണ്ടും വീണ്ടും ചൂട് കുടിക്കുന്നവരിൽ ഈ പോറലുകൾ ഉണങ്ങാതാവുന്നു. ഇത് വീക്കത്തിനും കോശങ്ങൾ നശിക്കുന്നതിനും ഒടുവിൽ കാൻസർ വികസിക്കുന്നതിനും കാരണമായേക്കാം.
ക്രമാനുഗതമാണ് ഈ പരിക്ക് വരുന്നത്. ഒന്നോ രണ്ടോ തവണ ചൂട് കൂടുതലുള്ള പാനീയം കുടിക്കുന്നതിലൂടെ അപകടമൊന്നുമില്ലെങ്കിലും തുടർച്ചയായുള്ള കുടിക്കലാണ് പ്രശ്‌നത്തെ ഗുരുതരമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേണഷണ വിഭാഗം 65ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള പാനീയങ്ങൽ കാൻസറിന് കാരണമാകാം എന്ന് കണ്ടെത്തിയിട്ടുണ്ട്.
ചൂടുള്ള പാനീയങ്ങൾക്കൊപ്പം പുകവലിയും കൊഴുപ്പ് കൂടുതലുള്ള മാംസാഹാരം കഴിക്കുന്നതും അന്നനാള കാൻസർ വരാൻ പതിന്മടങ്ങ് സാധ്യത വർധിപ്പിക്കുന്നു. ഇതിന് മുകളിൽ മദ്യപാനം കൂടിയുണ്ടെങ്കിൽ വീണ്ടും കാൻസർ സാധ്യത ഉയരുന്നു.
ചൂടുള്ള പാനീയങ്ങളൊഴിച്ച് നിർത്തിയാൽ പുകവലിയും പൊണ്ണത്തടിയുമാണ് അന്നനാള കാൻസറിന് കാരണമായേക്കാവുന്ന മറ്റ് ഘടകങ്ങൾ.
ആവി പറക്കുന്ന ഭക്ഷണമോ പാനീയമോ ആണെങ്കിൽ ഒന്നോ രണ്ടോ മിനിറ്റ് ആറുന്നതിനായി കാത്തിരിക്കുന്നതിലൂടെ അന്നനാള കാൻസറിനുള്ള സാധ്യത കുറയ്ക്കാവുന്നതാണ്. വളരേയേറെ ചൂട് കഴിച്ച് ശീലമുള്ളവർക്ക് സാധാരണയിൽ കവിഞ്ഞ ചൂട് പ്രശ്‌നമായി തോന്നിയേക്കില്ല, എന്നാൽ 65 ഡിഗ്രിയാണ് ഭക്ഷണം കഴിക്കാവുന്ന പരമാവധി ചൂടെന്ന് ഉറപ്പാക്കണം. ഇത് കൂടാതെ മദ്യപാനം, പുകവലി, ശരീരഭാര ക്രമീകരണം എന്നിവ നിയന്ത്രിക്കുന്നതും അന്നനാള കാൻസറിനെ തടയുന്നതിന് മികച്ച പ്രതിരോധങ്ങളാണ്.