പെരിയ ഇരട്ടക്കൊല; മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാര്‍

Periya double murder: 14 accused including former MLA KV Kunhiraman found guilty

 

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ ഉദുമ എംഎല്‍എ 14 പ്രതികള്‍ കുറ്റക്കാര്‍. 10 പേരെ പേരെ കുറ്റവിമുക്തരാക്കി. എ. പീതാംബരന്‍ (മുൻ പെരിയ എൽസി അംഗം), സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍ ,ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), എ. മുരളി,ടി. രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി) കെ. വി. ഭാസ്കരന്‍ എന്നിവരാണ് കുറ്റക്കാര്‍. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങൾ തെളിഞ്ഞു.

പ്രദീപ് (കുട്ടന്‍), ബി. മണികണ്ഠന്‍ (ആലക്കോട് മണി), എന്‍. ബാലകൃഷ്ണന്‍ (മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി), എ. മധു (ശാസ്ത മധു–അഞ്ചാംപ്രതി ജിജിന്‍റെ പിതാവ്),റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, പി. രാജേഷ്(രാജു),വി. ഗോപകുമാര്‍ (ഗോപന്‍ വെളുത്തോളി), പി.വി. സന്ദീപ് (സന്ദീപ് വെളുത്തോളി) എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. ആറു വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കു ശേഷമാണ് കൊച്ചി സിബിഐ കോടതിയുടെ വിധി. കേസില്‍ ശിക്ഷാവിധി ജനുവരി 3നുണ്ടാകും.

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ക്രൈംബ്രാഞ്ചിൻ്റെ കുറ്റപത്രം റദ്ദു ചെയ്‌തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലിൽ സിംഗിൾ ബെഞ്ചിൻ്റെ വിധി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സംസ്ഥാന സർക്കാരിൻ്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ.മണികണ്ഠൻ, മുൻ ലോക്കൽ സെക്രട്ടറിമാരായ എൻ.ബാലകൃഷ്‌ണൻ, രാഘവൻ വെളുത്തതോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികൾക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കോടതി വിധി പ്രസ്താവിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. കല്യോട്ട് പൊലീസ് റൂട്ട് മാർച്ച് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *