വൈദ്യുതി ചാർജ് വർധിക്കും; ജനങ്ങൾക്ക് അമിതഭാരമുണ്ടാകില്ലെന്ന് പ്രതീക്ഷ -കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധനയുണ്ടാകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബിയുടെ ബാധ്യത കൂടുന്ന കാലത്ത് വൈദ്യുതി ചാർജ് വർധന അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് അമിതഭാരമുണ്ടാകുന്ന വർധനയുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.എസ്.ഇ.ബിയുടെ വരവും ചെലവും നോക്കി റെഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചാർജ് വർധന സംബന്ധിച്ച് റെഗുലേറ്ററി കമീഷൻ പരിശോധന തുടങ്ങിയിട്ടുണ്ട്. വൈകാതെ തീരുമാനമുണ്ടാകും. കേന്ദ്രസർക്കാർ നയങ്ങളും ചാർജ് വർധന അനിവാര്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം പകുതിയോടെ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധന റെഗുലേറ്ററി കമീഷൻ പ്രഖ്യാപിക്കും. ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോർഡ് അപേക്ഷയിൽ പൊതു തെളിവെടുപ്പ് പൂർത്തിയാക്കി.
5 വർഷത്തേക്കുള്ള താരിഫ് വർധനയ്ക്കാണ് ബോർഡ് നിർദേശങ്ങൾ നൽകിയത്. ഏപ്രിൽ ഒന്നിന് പുതിയ നിരക്കുകൾ നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ നടപടിക്രമങ്ങൾ നീണ്ടു പോയതിനാൽ പഴയ താരിഫ് അടുത്ത മാസം 30 വരെ റഗുലേറ്ററി കമ്മിഷൻ നീട്ടി.