‘കുട്ടികളെ വെയിലത്ത് നിർത്തിയത് മണിക്കൂറുകൾ, കുടിവെള്ള സൗകര്യം പോലും ഒരുക്കിയില്ല’; മൃദംഗ വിഷനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി മൃദംഗ വിഷൻ നടത്തിയ നൃത്തപരിപാടിയിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ.പരിപാടിയിൽ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിന്മേലാണ് കേസ്. പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട്‌ നൽകാൻ പൊലീസിന് നിർദേശം നൽകി. പരിപാടിക്കെത്തിയ ആയിരക്കണക്കിന് കുട്ടികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും സംഘാടകർ ഒരുക്കിയിരുന്നില്ല. കുട്ടികളെ മണിക്കൂറുകളോളമാണ് സ്റ്റേഡിയത്തിന് പുറത്ത് നിർത്തിയിരുന്നത്. അവശരായ പല കുട്ടികൾക്കും കുടിക്കാൻ ആവശ്യമായ വെള്ളം പോലും നൽകാനുള്ള ക്രമീകരണം സ്റ്റേഡിയത്തിനകത്തോ പുറത്തോ ഒരുക്കിയില്ലെന്നും മാതാപിതാക്കൾ പരാതിയിൽ പറയുന്നു.

മൃദംഗ വിഷൻ നടത്തിയ മൃദംഗനാദം പരിപാടിയിൽ തട്ടിപ്പുകളുടെ ഘോഷയാത്രയാണ് കണ്ടത്. നൂറു കുട്ടികളെ കൊണ്ടുവരുന്ന ഡാൻസ് ടീച്ചർമാർക്ക് സ്വർണ്ണനാണയം സമ്മാനം ലഭിക്കുമെന്ന സംഘാടകരുടെ വാഗ്താനങ്ങളിൽ വീണുപോയത് നിരവധി അധ്യാപകരാണ്. ഇതോടെ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും നൃത്ത അധ്യാപകർ കൂട്ടത്തോടെ തന്നെ കുട്ടികളെ എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പരിപാടിയുടെ പേരും പറഞ്ഞ് ഓരോ കുട്ടിയിൽ നിന്നും 7000 മുതൽ 8000 രൂപ വരെ വാങ്ങിയെന്ന് സംഘാടകർ തന്നെ സമ്മതിക്കുന്ന തെളിവുകൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. രിപാടിക്ക് വേണ്ടി കുട്ടികൾ പണം നൽകണമെന്ന് ആവശ്യപ്പെട്ട് സംഘാടകർ ഗ്രൂപ്പിൽ ഇട്ട ശബ്ദ സന്ദേശവും പുറത്തുവന്നു.

 

കുട്ടികളെ സാമ്പത്തികമായി പറ്റിച്ചതിൽ പ്രത്യേക അന്വേഷണം കമ്മീഷണർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തെളിവുകൾ പുറത്തുവന്നത്.പരിപാടിക്ക് വേണ്ടി 12,500 സാരികൾ നിർമ്മിച്ചു നൽകിയെന്നും ഒരു സാരിക്ക് 390 രൂപ മാത്രമാണ് ഈടാക്കിയതെന്നും കല്യാൺ സിൽക്സും വിശദീകരണം നൽകി. എന്നാൽ സാരി ഒന്നിന് സംഘാടകർ 1600 രൂപ വാങ്ങിഎന്നും കല്യാൺ സിൽക്സ് വിശദീകരിച്ചു.

അതേസമയം, കേസിൽ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് വിളിച്ചുവരുത്തി ജാമ്യമില്ലാ വകുപ്പു ചുമത്തി. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.പ്രതികൾക്കെതിരെ നിസ്സാരമായ വകുപ്പുകൾ ചുമത്തി എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് പൊലീസ് ജാമ്യം നൽകി വിട്ടയച്ച പ്രതികളെ വിളിച്ചു വരുത്തിയത്. പ്രതികളെ പൊലീസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്ന ദൃശ്യങ്ങളും ട്വന്റി ഫോറിന് ലഭിച്ചു.കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *