കണ്ണൂർ സ്‌കൂൾ ബസ് അപകടത്തിൽ ഒരു വിദ്യാര്‍ഥി മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം
കണ്ണൂർ: ശ്രീകണ്ഠാപുരം വളക്കൈയിൽ സ്‌കൂൾ ബസ് മറിഞ്ഞുള്ള അപകടത്തിൽ ഒരു വിദ്യാര്‍ഥി മരിച്ചു. അഞ്ചാം ക്ലാസുകാരി നേദ്യ എസ്. രാജേഷാണ് മരിച്ചത്. രണ്ടു വിദ്യാർഥികളുടെ നില ഗുരുതരമാണ്. അപകടത്തിൽ ഇരുപതോളം വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നു വൈകീട്ട് നാലരയോടെയാണു നാടിനെ ഞെട്ടിച്ച അപകടം. കുറുമാത്തൂർ ചിന്മയ സ്‌കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ തളിപ്പറമ്പിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പഞ്ചായത്ത് റോഡിൽനിന്ന് നിയന്ത്രണം വിട്ട കീഴ്‌മേൽ മറിഞ്ഞ് ബസ് സംസ്ഥാനപാതയിൽ പതിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ പുറത്തേക്കു തെറിച്ചുവീണ് ബസിനടിയിൽപെട്ട കുട്ടിയാണു മരിച്ചത്. 20 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. 11 പേർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും ഏഴുപേർ താലൂക്ക് ആശുപത്രിയിലുമാണ്. ഒരാളെ പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ബസിന്റെ ഡ്രൈവറും കുട്ടികളെ നോക്കുന്ന ആയയും തളിപ്പറമ്പ് ആശുപത്രിയിലാണുള്ളത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.