അനന്തപുരിയില്‍ കലാപൂരം; സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

Kala Pooram in Ananthapuri; School Kalaotsavam gets underway

 

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം. മലയാളത്തിന്‍റെ മഹാ കഥാകാരന് സമർപ്പിച്ച ഒന്നാം വേദിയായ എംടി നിളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരിതെളിച്ചു. കല്‍വിളക്കിലാണ് തിരിതെളിച്ചത്. എം.ടി വാസുദേവൻ നായരുടെ വിയോഗം വലിയ നഷ്ടമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

”എം.ടിയുടെ സൃഷ്ടികൾക്ക് വ്യത്യസ്ത ആഖ്യാനങ്ങൾ ഉണ്ടാകുന്ന ഇടാമായിരുന്നു കലോത്സവ വേദികൾ. വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തം അതിജീവനത്തിന്‍റെ കാഴ്ചയാണ്. നാടിന്‍റെ സാംസ്കാരിക പൈതൃകത്തെ മുന്നിൽ നയിക്കേണ്ടവരാണ് ഈ കുട്ടികൾ. ആ തിരിച്ചറിവോടെ ഇതിൽ പങ്കെടുക്കാൻ നിങ്ങൾക്ക് കഴിയട്ടെ. ദുരന്തങ്ങളെ അതിജീവിക്കുമ്പോഴും ജീവിതം ഉത്സവമാക്കാനുള്ള സ്വപ്നം കാണുന്നവരാണ് നിങ്ങൾ.ഒരു തലമുറയിലെ എല്ലാ സർഗ്ഗ വൈഭവവും ഒന്നിക്കുന്ന ഇടം . ഇത്തരം ഒരിടം ലോകത്ത് മാറ്റ് എവിടെ എങ്കിലും ഉണ്ടോ എന്ന് സംശയമാണ്. അന്യംനിന്നുപോകുന്ന നാടൻകലകളും അനുഷ്ഠാനകലകളും കലോത്സവത്തിലൂടെ നിലനിൽക്കുന്നു. വൈജ്ഞാനിക വികാസം മാത്രമല്ല വ്യക്തിത്വത്തിൻ്റെ വികാസം കൂടി വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നു.കുട്ടികളിലെ കലാപരമായ ശേഷികൾ മാത്രമല്ല നന്മകൾ കൂടി പ്രകാശിപ്പിക്കാൻ വിദ്യാഭ്യാസത്തിനാകണം.നഷ്ടപ്പെടുന്ന നന്മ കലയിലൂടെ വീണ്ടെടുക്കാൻ ആകുമെന്നും” മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.രാജന്‍, ജി.ആര്‍. അനില്‍, വീണാ ജോര്‍ജ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, ആന്‍റണി രാജു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 25 വേദികളിലായി പതിനയ്യായിരത്തിലേറെ കലാകാരന്‍മാര്‍ വരുംദിവസങ്ങളിലായി മാറ്റുരക്കും. 25 നദികളുടെ പേരിലാണ് 25 വേദികൾ. നീണ്ട 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനന്തപുരി കൗമാര കലാമാമാങ്കത്തിന് വേദിയാകുന്നത്. പുത്തരിക്കണ്ടം മൈതാനിയിലാണ് ഭക്ഷണപ്പന്തൽ. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ മത്സര ഇനങ്ങളാകും.

Leave a Reply

Your email address will not be published. Required fields are marked *