വീൽ ചെയറിലിരുന്ന് സിവിൽ സർവീസ് സ്വപ്നം എത്തിപ്പിടിച്ച് വയനാട്ടുകാരി ഷെറിൻ; അഭിമാനനേട്ടം

കൽപറ്റ∙ വീൽ ചെയറിലിരുന്ന് സിവിൽ സർവീസ് പരീക്ഷയിൽ അഭിമാന നേട്ടം കൊയ്ത് ഷെറിൻ ഷഹാന. വയനാട് കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങൽ പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകൾ ഷെറിൻ ഷഹാനയാണ് (25) 913ാം റാങ്ക് നേടിയത്.

വീടിന്റെ ടെറസില്‍ നിന്ന് വീണ് പരുക്കേറ്റതിനെതുടര്‍ന്ന് നടക്കാന്‍ കഴിയാതായ ഷെറിൻ വീല്‍ ചെയറിലിരുന്നാണ് പരീക്ഷയ്ക്ക് തയാറെടുത്തത്. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്നാണ് ഷെറിന്‍ പരിശീലനം നേടിയത്. അബ്സല്യൂട്ട് ഐഎഎസ് അക്കാദമി ‘ചിത്രശലഭം’ എന്ന പദ്ധതിയിലെ ആദ്യ ബാച്ചിലെ 25 പേരിൽ ഒരാളാണ് ഷെറിൻ. പൊളിറ്റിക്കൽ സയൻസിൽ നെറ്റും ജെആർഎഫും നേടിയ ഷെറിൻ മലയാളത്തിലാണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്.

sherin-1

ഇരുപത്തിരണ്ടാം വയസ്സിൽ വീഴ്ചയിൽ നട്ടെല്ലിനു കാര്യമായി ക്ഷതമേറ്റ ഷഹനയുടെ ജീവിതം കുറേനാളത്തേക്ക് മുറിയിലൊതുങ്ങി. അപകടത്തിനു ശേഷം രണ്ടു വർഷത്തോളം പൂർണ്ണമായും കിടക്കയിൽത്തന്നെയായിരുന്നു. എന്നാൽ നിരാശയാകാതെ അതിജീവനത്തിന്റെ പുതിയ വാതായനങ്ങൾ കണ്ടെത്തുകയായിരുന്നു ഷഹാന.

കടന്നുവന്നത് കഷ്ടപ്പാടിന്റെ വഴികളിലൂടെയായിരുന്നുവെന്നും ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും ഷഹാനയുടെ സഹോദരി ജാലിഷ ഉസ്മാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പരീക്ഷയുടെ ഫലം അറിയുമ്പോൾ ഷഹാന സർജറി കാത്തു കിടക്കുകയാണെന്നും അവർ കുറിച്ചു.

ജാലിഷ ഉസ്മാൻ ഫെയ്സ്ബുക്ക് കുറിപ്പ്

ഷെറിൻ, എന്റെ ചെറിയ അനിയത്തി വീടിന്റെ മുകളിൽ നിന്ന് വീണത് 2017 ലാണ്.  റിസൾട്ട് കിട്ടിയത് ക്വാഡ്രാപ്ലീജിയ ആയിട്ടാണ്. ആള് വീൽ ചെയറിലായി. തുടർന്ന്  ബെഡ്‌സോറുകൾ, പൊള്ളലുകൾ, വീഴ്ചകൾ ഒരുപാട് കഷ്ടപ്പെട്ടു. ഞങ്ങൾ പെൺകുട്ടികളെ തനിച്ചാക്കി 2015ൽ ഉപ്പച്ചി യാത്ര ആയത് കൊണ്ട് കാര്യങ്ങൾ അത്രയ്ക്ക് രസം ഉണ്ടായിരുന്നില്ല. പട്ടിണിക്കൊക്കെ ആശ്വാസം കിട്ടിയത് എനിയ്ക്ക് ജോലി ആയപ്പോഴാണ്.

ഷെറിൻ ഷഹാന

ഉമ്മച്ചി ഡയബറ്റിക് ആയി വല്യ ആരോഗ്യം, അല്ല തീരെ ആരോഗ്യം ഇല്ലാത്ത ആളാണ്. നമ്മളൊരു മുഴു കടലിൽ ആയിരുന്നെന്ന് വേണം ചുരുക്കി പറയാൻ. നമ്മൾ പഠിച്ചതൊക്കെ ഗവൺമെന്റ് സ്കൂളിലാണ്, ഷെറിൻ പിജി വരെ ചെയ്തത് ബത്തേരി സെന്റ് മേരിസിൽ പൊളിറ്റിക്കൽ സയൻസിൽ. വല്യ കാര്യമായി ഫിനാഷ്യൽ ഇൻവെസ്റ്റ്മെന്റ് ഒന്നും ഇതിലൊന്നും നടത്തീട്ടില്ല, കഴിക്കാൻ കിട്ടീട്ട് വേണ്ടേ പൈസ കൊടുത്ത്  പഠിക്കാൻ.

അങ്ങനെ ഒക്കെ പോകുന്നതിനിടക്ക് ഷെറിൻ നെറ്റ്  ക്ലിയർ ചെയ്തു. പിന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡിക്ക് ജോയിൻ ചെയ്തു. ഈ അടുത്ത്, കഴിഞ്ഞ ആഴ്ച 16 മേയ് ഷെറിൻ കോഴിക്കോട് നിന്ന് വരുന്ന വഴി കാർ  ആക്സിഡന്റ് ആയി. കാര്യമായി പരുക്ക് പറ്റി. ഉമ്മ, ഏടത്തിയുടെ മകൾ, ഷെറിന്റെ സുഹൃത്ത് അഭിഷേക്, ഷെറിൻ എല്ലാർക്കും. ആദ്യം കോഴിക്കോട് മെഡിക്കൽ കോളജിൽ ആയിരുന്നു. പിന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പൊ ആളൊരു സർജറി കാത്തു കിടക്കുവാണ്.

Leave a Reply

Your email address will not be published. Required fields are marked *