ഡ്രോൺ പറത്തി, അരിക്കൊമ്പൻ വിരണ്ടോടി; കൊമ്പനെ കണ്ട് ഓടി നാട്ടുകാരും

കമ്പം: കമ്പത്തെത്തിയ അരിക്കൊമ്പൻ വിരണ്ടോടാൻ കാരണം യൂട്യൂബർ ഡ്രോൺ പറത്തിയതാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ചിങ്ങവനം സ്വദേശിയായ യൂട്യൂബറെ കസ്റ്റഡിയിലെടുത്തു.

അതേസമയം അക്രമാസക്തനായ അരിക്കൊമ്പനെ പിടികൂടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. ആനയെ പിടികൂടി മേഘമല ടൈഗർ റിസർവിനുള്ളിൽ വെള്ളിമലയിലേക്ക് നീക്കാനാണ് നിർദേശം. ശ്രീവിള്ളി പുത്തൂർ മേഘമല ടൈഗർ റിസർവ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് മിഷൻ അരിക്കൊമ്പന്റെ ചുമതല.

ദൗത്യത്തിനായി കുംകിയാനകളെ എത്തിക്കും. മുത്തു, സ്വയംഭൂ എന്നീ കുംകിയാനകളെയാണ് കമ്പത്തെത്തിക്കുക. പൊള്ളാച്ചി ടോപ് സ്റ്റേഷനിൽ നിന്നാണ് കുംകിയാനകളെ എത്തിക്കുക. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് മിഷൻ അരിക്കൊമ്പന്റെ ചുമതല.

ഏറെ സാഹസത്തിനൊടുവിൽ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ വീണ്ടും ജനവാസ കേന്ദ്രത്തിൽ ഇറങ്ങി വ്യാപക നാശനഷ്ടങ്ങളാണ് വരുത്തിയത്. തമിഴ്നാട്ടിലെ കമ്പംമേട്ടിലാണ് ഇപ്പോൾ ആനയുള്ളത്. പഴയ ആവാസകേന്ദ്രമായ ചിന്നക്കനാൽ ലക്ഷ്യമിട്ടാണ് ആന നീങ്ങുന്നത്. ചിന്നക്കനാലിനോട് അടുത്ത് നിൽക്കുന്ന കേന്ദ്രമാണ് കമ്പംമേടും അതിനടടുത്തുള്ള ബോഡിമേടും. ഇവിടെയെത്തിയാൽ ചിന്നക്കനാലിലേക്ക് എളുപ്പത്തിൽ മടങ്ങാനാകുമെന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

ഒരു മണിക്കൂർ ഇടവിട്ടാണ് ജി.പി.എസ് കോളറിൽ നിന്ന് വിവരം ലഭിക്കുന്നത്. അതേസമയം, അരിക്കൊമ്പൻ ജനവാസ കേന്ദ്രത്തിലിറങ്ങിയത് വെള്ളം തേടിയായിരിക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കിൽ വനത്തിലേക്ക് തിരിച്ചുപോയേക്കാം. വഴിയറിയാതെ ടൗണിലൂടെ കറങ്ങിത്തിരിയുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആന ടൗണിലെത്തിയതോടെ ജനങ്ങൾ ഏറെ ആശങ്കയിലാണ്.

പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് കുമളിയിലെ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പനെത്തിയതോടെ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കുമളിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ ലോവർ ക്യാമ്പ് പവർഹൗസിന് സമീപത്തെ വനത്തിലാണ് അരിക്കൊമ്പനുണ്ടായിരുന്നത്. ചിന്നക്കനാൽ ഭാഗത്തേക്കാണ് അരിക്കൊമ്പന്റെ സഞ്ചാരമെങ്കിലും കൂടുതൽ ദൂരം നീങ്ങിയിരുന്നില്ല. കേരള വനംവകുപ്പിന് പുറമേ തമിഴ്നാട് വനം വകുപ്പും ആനയെ നിരീക്ഷിക്കുന്നുണ്ട്. ജി.പി.എസ് കോളറിൽ നിന്നുള്ള സിഗ്നലിന് പുറമെ വി.എച്ച്എഫ് ആന്റിനകൾ ഉപയോഗിച്ചുമാണ് ആനയെ നിരീക്ഷിക്കുന്നത്. ആനയെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.

അരിക്കൊമ്പൻ ചിന്നക്കനാൽ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി സൂചനകളുണ്ടായിരുന്നു. കൊട്ടാരക്കര ഡിണ്ടിഗൽ ദേശീയ പാത ആന മുറിച്ചു കടന്നതായും അധികൃതർ മനസ്സിലാക്കി. ജിപിഎസ് കോളറിലെ വിവരങ്ങൾ പ്രകാരമാണ് അരിക്കൊമ്പൻ നിലയുറപ്പിച്ച ഇടം തിരിച്ചറിയുന്നത്. അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് എത്താനുളള സാധ്യത കൂടുകയാണെന്ന് ആനിമൽ സയൻറിസ്റ്റായ വിജയകുമാർ ബ്ലാത്തൂർ പറഞ്ഞിരുന്നു.

ഏഴു ദിവസം മുൻപാണ് ആന തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *