അരിക്കൊമ്പന്റെ ആക്രമണം: പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു
കമ്പം: അരിക്കൊമ്പൻ കാടിറങ്ങിയപ്പോള്‍ കമ്പം ടൗണിൽ തട്ടിയിട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. വീഴ്ചയിൽ പാൽരാജിന്റെ തലയിൽ സാരമായ പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം അരിക്കൊമ്പന് കമ്പത്തെ ജനവാസ മേഖലയില്‍ ഇറങ്ങിയപ്പോഴാണ് ബൈക്ക് തട്ടിയിട്ടത്.
തമിഴ്നാട് വനമേഖലയിലാണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി അരിക്കൊമ്പന് പിന്നാലെയാണ് ദൗത്യസംഘം. കമ്പത്തു നിന്ന് 10 കിലോമീറ്റർ മാറി ഷണ്മുഖ നദി ഡാമിനോട് ചേർന്നുള്ള വനത്തിലാണ് അരിക്കൊമ്പൻ ഉള്ളത്. ആന ജനവാസ മേഖലയിലിറങ്ങിയാൽ മാത്രമാണ് മയക്കുവെടി വെക്കുന്ന നടപടികളിലേക്ക് കടക്കുക. ഇടയ്ക്ക് കാടുകയറിയും കാടിറങ്ങിയുമുള്ള അരിക്കൊമ്പന്റെ സഞ്ചാരം ദൗത്യത്തിന് തിരിച്ചടിയാകുന്നുണ്ട്. ദൗത്യസംഘാംഗങ്ങളും കുംകിയാനകളും കമ്പത്ത് തുടരുകയാണ്.
അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലേക്കാണ് വിട്ടത്. എന്നാല്‍ കേരളാ – തമിഴ്നാട് വനാതിർത്തികളിലൂടെ സഞ്ചരിക്കുകയാണ് അരിക്കൊമ്പൻ. കമ്പം ടൗണിൽ പരിഭ്രാന്തി പരത്തിയ ശേഷം നിലവില്‍ കാടുകയറിയിരിക്കുകയാണ് അരിക്കൊമ്പന്.