സംസ്ഥാനത്തെ റേഷൻ കടകളിൽ അരി ക്ഷാമം; മുൻഗണന വിഭാഗത്തിനടക്കം അരി മുടങ്ങിയേക്കും

Shortage of rice in state ration shops; Rice, including the priority category, may be disrupted

കോഴിക്കോട്: സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം പ്രതിസന്ധിയിൽ. വിതരണ കരാറുകാരുടെ പണിമുടക്ക് മൂന്നാഴ്ച പിന്നിട്ടതോടെയാണ് റേഷന്‍ കടകളിലെ അരി വിതരണം പ്രതിസന്ധിയിലായത്. നിലവിലുള്ള സ്റ്റോക്ക് ഉ‌ടന്‍ തീരുമെന്നും പ്രശ്നപരിഹാരമില്ലെങ്കില്‍ റേഷന്‍ കടകള്‍ അടച്ചിടേണ്ട അവസ്ഥയിലെത്തുമെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.

സംസ്ഥാനത്തെ ഒട്ടുമിക്ക റേഷന്‍ കടകളിലും നിലവില്‍ സ്റ്റോക്കുള്ളത് ഏതാനും ചാക്ക് അരി മാത്രം. കഴിഞ്ഞ മൂന്നാഴ്ചയും വിതരണം ചെയ്തത് നേരത്തെയുള്ള സ്റ്റോക്കില്‍ നിന്നുള്ള അരി.

എഫ്സിഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും അരി എത്തിക്കുന്ന വിതരണ കരാറുകാരുടെ പണിമുടക്കാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നേരത്തെയുള്ള ഭീമമായ കുടിശ്ശിക തീര്‍ക്കണം എന്നാവശ്യപ്പെട്ടാണ് ജനുവരി ഒന്ന് മുതല്‍ കരാറുകാര്‍ സമരം പ്രഖ്യാപിച്ചത്. ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുന്‍ഗണന വിഭാഗത്തിനുള്ള അരിവിതരണം കൂടെ മുടങ്ങുമെന്ന് റേഷന്‍ വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ മാസം 27 മുതല്‍ റേഷന്‍ വ്യാപാരികള്‍ കൂടി അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.വേതന പരിഷ്കരണം അടക്കം ആവശ്യപ്പെട്ടാണ് റേഷന്‍ വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചത്. ഇതും റേഷന്‍ ഗുണഭോക്താക്കള്‍ക്ക് പ്രതിസന്ധിയാകും. റേഷന്‍ വിഹിതം മാത്രം ആശ്രയിച്ച് കഴിയുന്ന മനുഷ്യരെയാണ് നിലവിലെ പ്രതിസന്ധി സാരമായി ബാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *