‘സ്ത്രീധന പീഡന പരാതികളില്‍ പ്രതിസ്ഥാനത്ത് എത്തുന്നത് കൂടുതലും സ്ത്രീകള്‍; വനിതാ കമ്മിഷന്‍ പുരുഷവിദ്വേഷ സംവിധാനമല്ല’: പി സതീദേവി

Suspended SI opens tea stall in front of police headquarters; demands half salary

 

സ്ത്രീധന പീഡന പരാതികളില്‍ പ്രതിസ്ഥാനത്ത് കൂടുതല്‍ എത്തുന്നത് വനിതകളാണെന്നും അവര്‍ക്കെതിരെയും കേസ് ഉണ്ടാവുന്നുണ്ടെന്നും കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. സ്ത്രീവിരുദ്ധമായ സമീപനങ്ങള്‍ സ്വീകരിക്കുന്ന മനസുകള്‍ വനിതകള്‍ക്കിടയിലുമുണ്ടെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുവാനായി സ്ത്രീപക്ഷ നിയമങ്ങള്‍ ഉണ്ടാകുമ്പോള്‍, ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വനിതാ കമ്മീഷന്‍ ചെയ്യുന്നതെന്നും അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച പോഷ് ആക്ട് 2013 ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍.

പുരുഷ വിദ്വേഷ സംവിധാനമല്ല വനിത കമ്മീഷനുകളെന്ന് സതീദേവി പറഞ്ഞു. സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്ക് എതിരായാണ് വനിത കമ്മീഷനുകള്‍ നിലകൊള്ളുന്നതെന്നും വ്യക്തമാക്കി.

 

പുരുഷ മേധാവിത്വ സമൂഹത്തില്‍ എല്ലാവരും തുല്യരാണ് എന്ന് ഭരണഘടനയില്‍ എഴുതിവെച്ചത് കൊണ്ട് മാത്രം അത് കൈവരിക്കാനാവില്ല. അക്കാര്യം അറിയാവുന്നതിനാലാണ് ഭരണഘടന ശില്പികള്‍ ആലോചിച്ച് ആര്‍ട്ടിക്കിള്‍ 15 ന് മൂന്നാം ഉപവകുപ്പ് ചേര്‍ത്തത്. ഒരു വിഭാഗം ഏതെങ്കിലും തരത്തില്‍ ചൂഷണമോ വിവേചനമോ അരികുവത്കരിക്കപ്പെടുന്നതായോ ചെയ്യുന്നതായി കണ്ടെത്തിയാല്‍ അത് പരിഹരിക്കുന്നതിന് ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിനും നിയമസഭകള്‍ക്കും അധികാരം നല്‍കുന്നതാണ് മൂന്നാം ഉപവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷനുകള്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ രൂപീകരിക്കപ്പെട്ടതെന്നും ചെയര്‍പേഴ്‌സണ്‍ ഓര്‍മിപ്പിച്ചു.

വീട്ടുമുറ്റത്തെ പുല്ലുപോലും പറിക്കുവാനുള്ള കഴിവ് സ്ത്രീകള്‍ക്കില്ല എന്നു കരുതപ്പെട്ടിരുന്ന സമയത്താണ് തൊഴിലുറപ്പ് നിയമം പാര്‍ലമെന്റ് കൊണ്ടുവന്നത്. അന്ന് എല്ലാവര്‍ക്കും, സ്ത്രീകള്‍ക്ക് പോലും ഇക്കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തിന്റെ വികസനത്തില്‍ തങ്ങള്‍ക്കും പങ്കുവഹിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഈ പദ്ധതിയിലൂടെ വനിതകള്‍ക്ക് ലഭിച്ചു. സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന പഴയ കാഴ്ചപ്പാട് പോലും മാറിയ സാഹചര്യമാണ് ഇന്നുള്ളത്. ഏതു തൊഴിലും തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് സ്ത്രീകള്‍ തെളിയിച്ചു കഴിഞ്ഞു. അതേസമയം സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇന്നും കുറവില്ലെന്നും അഡ്വ. പി. സത്യദേവി ചൂണ്ടിക്കാട്ടി.

ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥി ആയിരുന്നു. ടെക്‌നോപാര്‍ക്ക് സിഇഒ സഞ്ജീവ് നായര്‍ അധ്യക്ഷനായി. വനിതാ കമ്മീഷണനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, ലോ ഓഫീസര്‍ കെ. ചന്ദ്രശോഭ, പ്രൊജക്റ്റ് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പോഷ് ആക്ട് 2013 നെ കുറിച്ച് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ. വി.എല്‍. അനീഷ ക്ലാസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *