‘ലൈംഗിക പീഡന പരാതി ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചു’; വാഴക്കാട് പൊലീസിനെതിരെ യുവതി
മലപ്പുറം : ലൈംഗിക പീഡന പരാതി ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചുവെന്ന് യുവതിയുടെ പരാതി. വാഴക്കാട് പൊലീസിനെതിരെയാണ് യുവതി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതി എസ്.ഐ ഇടപെട്ട് ഒത്തുതീർപ്പാക്കാൻ സമ്മർദം ചെലുത്തിയെന്നും വാഴക്കാട് സ്റ്റേഷനിലെ വനിതാ പൊലീസ് മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്നും 21 കാരിയായ യുവതി പറഞ്ഞു.
ഭർത്താവിന്റെ ജേഷ്ടൻ തന്നെ ലൈംഗീകമായി ഉപദ്രവിച്ചുവെന്നും ഇയാളുടെ ഭാര്യയും ഭാര്യയും ഭർതൃപിതാവും ചേർന്ന് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും യുവതി പറയുന്നു. ‘ഭർതൃപിതാവ് സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇതെല്ലാം വിശദമായി വാഴക്കാട് പൊലീസ് സ്റ്റേഷനിലെത്തി പരാതിയായി നൽകി. എന്നാൽ പരാതി വായിച്ചു നോക്കുന്നതിന് പകരം പ്രശ്‌നം ഒത്തുതീർപ്പാക്കാമെന്നാണ് എസ്.ഐ പറഞ്ഞത്’. എന്നാൽ പരാതിയുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞപ്പോൾ തന്നേയും കുടുംബത്തേയും എസ്.ഐ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.