‘സായിഗ്രാമം ഡയറക്ടര്‍ക്ക് 2 കോടി നല്കി; ഇടുക്കിയിലെ എല്‍ഡിഎഫ്,യുഡിഎഫ് നേതാക്കള്‍ക്ക് നല്‍കിയത് 50 ലക്ഷത്തിലധികം’; അനന്തുകൃഷ്ണന്റെ മൊഴി
സായിഗ്രാമം ഡയറക്ടര്‍ കെ എന്‍ ആനന്ദ് കുമാറിന് രണ്ടു കോടി രൂപ നല്‍കിയെന്ന് പാതിവില തട്ടിപ്പിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൊഴി. പണം നല്‍കിയതിന്റെ ബാങ്ക് രേഖകള്‍ പോലീസ് കണ്ടെത്തി. ഇടുക്കിയിലെ എല്‍ഡിഎഫ്,യുഡിഎഫ് നേതാക്കള്‍ക്ക് 50 ലക്ഷം രൂപയിലധികമാണ് നല്‍കിയത്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് ഇതി കൈമാറിയിരിക്കുന്നത് എന്നും പ്രതി പറയുന്നു. ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥലം വാങ്ങിയെന്നും പ്രതിയുടെ മൊഴി.
പണം നല്‍കിയതിന്റെ രേഖകളും,ഗൂഗിള്‍ പേ ഇടപാടിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥലം വാങ്ങിയെന്നും പ്രതിയുടെ മൊഴി.
Read Also:അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയ നടപടി; അമേരിക്കയെ അതൃപ്തി അറിയിച്ച് ഇന്ത്യ
അതേസമയം, പാതിവില തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രയിനെ തേടുകയാണ് പൊലീസ്. അനന്തു കൃഷ്ണന് പിന്നില്‍ മറ്റാരോ കൂടിയുണ്ടെന്നാണ് സംശയം. അനന്തുവിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ തേടിയുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി. ആദ്യം കേന്ദ്രസര്‍ക്കാര്‍ സബ്സിഡി പദ്ധതികള്‍ വഴി തട്ടിപ്പ് നടത്താനായിരുന്നു അനന്തു കൃഷ്ണന് ഉദ്ദേശിച്ചിച്ചത്. നടക്കാതെ വന്നതോടെ പ്ലാന്‍ ബി യുമായി രംഗത്തെത്തി. അതാണ് സിഎസ്ആര്‍ തട്ടിപ്പ്. സിഎസ്ആര്‍ തുക ആവശ്യപ്പെട്ട് 200 കമ്പനികള്‍ക്ക് കത്തയച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് എന്‍ജിഒകളെ കരുവാക്കി ആളുകളില്‍നിന്ന് നേരിട്ട് പണം തട്ടിയെടുത്തത്. എറണാകുളം റൂറല്‍ മേഖലയില്‍ മാത്രം 800 പരാതികളില്‍ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ സിഎസ്ആര്‍ തുക എത്തിയിട്ടില്ല എന്നാണ് പൊലീസ് നിഗമനം. കമ്പനികളുമായി ബന്ധപ്പെടാന്‍ വേണ്ടിയാണ് അനന്ത കുമാറിനെ സമീപിച്ചതെന്നും അനന്തു കൃഷ്ണന് പൊലീസിനോട് പറഞ്ഞു. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍.