കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്; പ്രിൻസിപ്പാളിനേയും അസി.പ്രൊഫസറേയും സസ്‌പെൻഡ് ചെയ്തു
കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പാളിനേയും അസി. പ്രൊഫസറേയും സസ്‌പെൻഡ് ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.സുലേഖ, അസിസ്റ്റന്റ് പ്രൊഫസർ അജീഷ് പി മാണി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തിരമായി നീക്കം ചെയ്യാനും നിർദേശം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ പിറന്നാളായിരുന്നു. ഇതിന്റെ പേരിൽ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നൽകാൻ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടർന്നാണ് ക്രൂരമായ റാഗിങിലേക്ക് കാര്യങ്ങൾ പോയത്. മുൻപും മദ്യപിക്കുന്നതിന് വേണ്ടി ഇവർ പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കത്തി കഴുത്തിൽ വച്ചാണ് ഭീഷണിപ്പെടുത്തിയത്.
ഹോസ്റ്റലിൽ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ജൂനിയർ വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ശരീരമാസകലം ലോഷൻ പുരട്ടിയ നിലയിൽ തോർത്തുകൊണ്ട് കൈകാലുകൾ കെട്ടിയിട്ടനിലയിലാണ് ജൂനിയർ വിദ്യാർഥി കട്ടിലിൽ കിടക്കുന്നത്. തുടർന്ന് സീനിയർ വിദ്യാർഥികൾ വിദ്യാർഥിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും ഡിവൈഡർ കൊണ്ട് കുത്തിമുറിവേൽപ്പിക്കുകയായിരുന്നു. ഡിവൈഡർ ഉപയോഗിച്ച് വയറിന്റെ ഭാഗത്താണ് മുറിവേൽപ്പിച്ചത്.
നഴ്സിങ് കോളേജിലെ ജനറൽ നഴ്സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Story Highlights : Kottayam nursing college ragging suspension for college principal and assistant professor