വീട്ടിൽക്കയറി അടിച്ചു; കോഴിക്കോട് മകന്റെ മർദനമേറ്റ പിതാവ് മരിച്ചു

 

കോഴിക്കോട്: മകന്റെ മർദനമേറ്റ പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷാണ് മകന്‍ സനലിന്റെ മർദനമേറ്റ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പിതാവ് താമസിക്കുന്ന വീട്ടിൽക്കയറി മകൻ മർദിച്ചത്. സഹോദരന്മാർക്കൊപ്പം തറവാട്ടിലായിരുന്നു ഗിരീഷിന്റെ താമസം.

​ഗിരീഷും ഭാര്യയും തമ്മിൽ ഒരു വർഷത്തോളമായി അകന്നുകഴിയുകയായിരുന്നെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു. അമ്മയും മകനും മറ്റൊരു വീട്ടിലാണ് താമസം. സഹോദരന്മാരുടെ മുന്നിൽവച്ചായിരുന്നു മർദനം.

മർദനമേറ്റ് വീണ് തലയ്ക്ക് ഗുരുതര ‌പരിക്കേറ്റ ഗിരീഷിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഗിരീഷ് ഇന്ന് രാവിലെയോടെയാണ് മരിച്ചത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. നാളെയായിരിക്കും പോസ്റ്റ്‌മോർട്ടം. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.

ആശുപത്രിയിലായിരിക്കെ കഴിഞ്ഞദിവസം ഇയാൾ അച്ഛനെ കാണാനെത്തിയിരുന്നു. മരണവിവരം അറിഞ്ഞതിനു പിന്നാലെ മകൻ ഒളിവിൽപ്പോയതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *