കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

Cannabis poaching in Kalamasery Polytechnic College Hostel; Three students were suspended

 

 

കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവം. മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവർക്കാണ് സസ്പെന്റ് ചെയ്തത്. പോളി ടെക്നിക്ക് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

 

ഇന്നലെ രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

 

ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്.

 

രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

 

അതേസമയം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി തൃക്കാക്കര എസിപി പി.വി. ബേബി രംഗത്തെത്തി. കൃത്യമായി മുന്നൊരുക്കങ്ങള്‍ നടത്തി ഇന്റലിജന്‍സില്‍നിന്നും കോളേജ് അധികാരികളില്‍നിന്നും രേഖാമൂലം അനുമതി നേടിയശേഷമാണ് റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

 

പൊലീസ് പിടികൂടി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട ആളുകള്‍ക്ക് കുറ്റത്തില്‍ പങ്കുള്ളതായി തന്നെയാണ് കരുതുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് കോളജിനകത്തും പുറത്തും നിന്നുള്ളവര്‍ക്ക് എത്രത്തോളം പങ്കുണ്ട് എന്നകാര്യം അന്വേഷിച്ചുവരികയാണെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *