കെ-ഫോൺ ഇഴയുന്നു; സൗജന്യ ഇന്‍റർനെറ്റ്എത്തിയത് 3500ൽ താഴെ വീടുകളിൽ മാത്രം

കോട്ടയം: സർക്കാറിന്‍റെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിച്ച് ഉദ്ഘാടനം ചെയ്ത കെ-ഫോണിന്‍റെ കണക്ഷൻ നടപടികൾ ഇഴയുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ പ്രഖ്യാപിച്ചെങ്കിലും സമയപരിധി കഴിഞ്ഞിട്ടും 3500ൽ താഴെ വീടുകളിൽ മാത്രമാണ് സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്.

ഒമ്പതിനായിരത്തിലധികം വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള കേബിളുകൾ വലിച്ചതായാണ് ഉദ്ഘാടന വേളയിൽ സർക്കാർ അവകാശവാദം ഉന്നയിച്ചിരുന്നത്. എന്നാൽ, ഇവിടങ്ങളിൽ കണക്ഷൻ എത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനിയുടെ താൽപര്യം സംരക്ഷിക്കാൻ നീക്കം നടക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

പ്രധാന ലൈനിൽനിന്ന് ഉൾപ്രദേശങ്ങളിലേക്ക് കേബിൾ വലിക്കാനുള്ള സാങ്കേതിക തടസ്സം വലുതാണെന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം. കണക്ഷൻ ലഭ്യമാക്കാൻ തദ്ദേശ വകുപ്പ് നൽകിയ നിർധനരുടെ പട്ടികയിലെ വ്യക്തിവിവരങ്ങളിലെ പൊരുത്തക്കേടുകളും മറ്റൊരു പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു. ഇതോടെ 20 ലക്ഷം സൗജന്യ കണക്ഷനെന്ന സര്‍ക്കാര്‍ വാഗ്ദാനം ഫലംകാണുമോയെന്ന ആശങ്കയുണ്ട്. 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് കണക്ഷൻ നൽകാൻ ലക്ഷ്യമിട്ടതിൽ 17,832ൽ മാത്രമാണ് പൂർത്തിയാക്കാനായത്. ആറു മാസത്തെ കാലാവധിയിൽ 299 മുതൽ 5000 രൂപവരെയുള്ള ഒമ്പത് പ്ലാനുകൾ വഴി ഗാര്‍ഹിക കണക്ഷൻ ആവശ്യപ്പെട്ട് 85,000ത്തോളം അപേക്ഷകൾ ലഭിച്ചതായാണ് കെ-ഫോൺ അധികൃതരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *