വിനായകനെ പൊലീസ് ചോദ്യം ചെയ്തു; ഫോൺ പിടിച്ചെടുത്തു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. എറണാകുളം നോർത്ത് പൊലീസ് ചോദ്യം ചെയ്യലിന് ശേഷം നടന്റെ ഫോൺ പിടിച്ചെടുത്തു. പെട്ടെന്നുള്ള പ്രകോപനത്തിലാണ് ഫേസ്ബുക്ക് ലൈവ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കാന്‍ ഉദേശിച്ചിരുന്നില്ലെന്നും വിനായകന്‍ പൊലീസിനോടു പറഞ്ഞു. വീട് ആക്രമിച്ചെന്ന പരാതി പിന്‍വലിക്കുകയാണെന്നും വിനായകന്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സംസാരിച്ച വിനായകനെതിരെ കേസ് എടുക്കേണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ലെന്നും എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

‘വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ.’-ചാണ്ടി ഉമ്മൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *