പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ പിതാവും ബന്ധുവും ചേർന്ന് തല്ലിക്കൊന്നു
ഭുപനേശ്വർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയായ 35കാരനെ പെൺകുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് തല്ലിക്കൊന്നു. ഒഡീഷയിലെ കാന്തമ്മൽ ജില്ലയിലെ റൈകിയ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പ്രതിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചതായി റൈകിയ പൊലീസ് അറിയിച്ചു.
കോൺക്രീറ്റ് മെഷീൻ ഓപ്പറേറ്റർ ആയി പ്രവർത്തിച്ചുവരികയായിരുന്ന ഛത്തീസ്ഗഡ് സ്വദേശി ശനിയാഴ്ചയായിരുന്നു കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. വീടിന് മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിവരം അറിഞ്ഞ പെൺകുട്ടിയുടെ പിതാവും അമ്മാവനും സ്ഥലത്തെത്തുകയും പ്രതിയെ വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പ്രതി അക്രമസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പെൺകുട്ടി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കൈമാറി.