വിഴിഞ്ഞം ഉദ്ഘാടനം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന് ക്ഷണം
\തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലേക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന് ക്ഷണം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് ക്ഷണമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.പ്രതിപക്ഷ നേതാവ് പങ്കെടുക്കുമോ ഇല്ലയോ എന്നുള്ളത് അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കില്ല.Vizhinjam
പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിച്ചു എന്ന് വരുത്തുകയായിരുന്നു സർക്കാർ എന്നാണ് കോൺഗ്രസിലെ പൊതുവികാരം. അപമാനിക്കാനുള്ള സർക്കാർ നീക്കത്തിന് നിന്നു കൊടുക്കേണ്ടെന്നാണ് തീരുമാനം.പ്രതിപക്ഷനേതാവിനെ ഉദ്ഘാടനത്തിലേക്ക് ക്ഷണിക്കാത്തത് വിവാദമായതിന് പിന്നാലെയാണ് ഇന്നലെ സർക്കാർ ക്ഷണിച്ചത്. അതും രണ്ടു വരി ക്ഷണക്കത്ത്. പരിപാടിയിൽ സാന്നിധ്യം ഉണ്ടാവണം എന്ന് മാത്രമാണ് അതിലെ അറിയിപ്പ്. ചടങ്ങിലെ പ്രതിപക്ഷ നേതാവിന്റെ പങ്കാളിത്തം എന്ത് എന്ന് കത്തിൽ വിശദീകരിച്ചിട്ടില്ല. ഇത് പ്രതിപക്ഷത്തെ അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമായതിനാൽ ചടങ്ങിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കേണ്ടതില്ലെന്ന പൊതുവികാരം കോൺഗ്രസിലുണ്ട്.
ശശി തരൂർ എംപിയും എം വിൻസെന്റ് എംഎൽഎയും ചടങ്ങിൽ പങ്കെടുക്കും. അതിനിടയിൽ വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി സർക്കാർ നടത്തേണ്ട പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതും പ്രതിപക്ഷം ആയുധമാക്കി. തുറമുഖത്തിന്റെ ശില്പി ഉമ്മൻചാണ്ടിയാണെന്ന് സ്ഥാപിക്കുന്ന രീതിയിലുള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകാൻ ആണ് കോൺഗ്രസ് തീരുമാനം.