‘ഉറങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചില്ല,സദാ സമയവും കണ്ണുകെട്ടിവച്ചു, അസഭ്യം പറഞ്ഞു’: പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാന്‍

 

അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്‌സ് മാനസികമായി പീഡിപ്പിച്ചെന്ന് സൂചന. കേന്ദ്ര ഏജന്‍സികള്‍ പി കെ ഷാ എന്ന ജവാനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഭൂരിഭാഗ സമയവും പാക് റേഞ്ചേഴ്‌സ് തന്റെ കണ്ണ് മൂടിക്കെട്ടിയിരുന്നുവെന്നും ഉറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും അസഭ്യം പറഞ്ഞെന്നും പി കെ ഷാ കേന്ദ്ര ഏജന്‍സികളോട് പറഞ്ഞു. തന്നെ അവര്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

21 ദിവസക്കാലമാണ് ബിഎസ്എഫ് ജവാന് പാക് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സമയത്തൊക്കെയും അദ്ദേഹം പാക് റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയില്‍ തന്നെയായിരുന്നു. ഇക്കാലയളവില്‍ ഒന്ന് പല്ല് തേക്കാന്‍ പോലും അവര്‍ തന്നെ അനുവദിച്ചില്ലെന്ന് പി കെ ഷാ കേന്ദ്ര ഏജന്‍സികളോട് പറഞ്ഞു.

 

കണ്ണുകെട്ടി എവിടെയാണെന്ന് പോലുമറിയാതെയാണ് ഈ ദിവസങ്ങള്‍ പി കെ ഷാ തള്ളിനീക്കിയത്. മൂന്ന് സ്ഥലങ്ങളിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയി. അതെവിടെയൊക്കെയാണ് ഇദ്ദേഹത്തിന് കാണാനോ മനസിലാക്കാനോ കഴിയുമായിരുന്നില്ല. ഇതിലൊരു സ്ഥലം എയര്‍ബേസിന് അടുത്താണെന്ന് വിമാനങ്ങളുടേയും മറ്റും ശബ്ദം കേട്ട് അദ്ദേഹം മനസിലാക്കി. പലരുടേയും കോണ്‍ടാക്ട് വിവരങ്ങള്‍ പാക് റേഞ്ചേഴ്‌സ് തന്നോട് ചോദിച്ചെന്നും മൊബൈല്‍ ഫോണ്‍ ഉണ്ടോയെന്ന് ചോദിച്ചെന്നും പി കെ ഷാ വെളിപ്പെടുത്തി. എന്നാല്‍ അദ്ദേഹത്തിന്റെ കൈയില്‍ മൊബൈല്‍ ഫോണോ മറ്റ് ഡിവൈസുകളോ ഉണ്ടായിരുന്നില്ല. ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെയാണ് പി കെ ഷായെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *