ഡയമണ്ട് ലീഗ്: ഹാട്രിക്ക് ജയം ലക്ഷ്യമിട്ട് നീരജ് ചോപ്ര
ഡയമണ്ട് ലീഗ് പോരാട്ടങ്ങൾക്ക് ഒരുങ്ങി ജാവലിൻ ത്രോ ഒളിമ്പിക്, ലോക ചാമ്പ്യൻ ഇന്ത്യയുടെ സൂപ്പർതാരം നീരജ് ചോപ്ര. ഡയമണ്ട് ലീഗിൽ തന്റെ വിജയക്കുതിപ്പ് തുടരാൻ തന്നെയാണ് നീരജ് ഇറങ്ങുന്നത്. ലോക ചാമ്പ്യൻഷിപ്പ് നേടിയതിന് ശേഷം നീരജിന്റെ അടുത്ത ലക്ഷ്യം 90 മീറ്ററാണ്. ഇത് നേടിയെടുക്കാനുള്ള കഠിനശ്രമത്തിലാണ് അദ്ദേഹം. സെപ്തംബർ 16, 17 തീയതികളിൽ യുഎസിലെ യൂജിനിലാണ് ഡയമണ്ട് ലീഗ്.
ലോക ചാമ്പ്യനായി നാല് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോൾ, സീസണിലെ വിജയക്കുതിപ്പ് തുടരുക എന്ന വെല്ലുവിളിയാണ് നീരജ് ചോപ്ര നേരിടുന്നത്. ഈ സീസണിൽ മൂന്ന് മത്സരങ്ങൾക്ക് ഇറങ്ങിയ നീരജ് ഒരിക്കൽ പോലും തോൽവി നേരിട്ടിട്ടില്ല. ലോക ചാമ്പ്യൻഷിപ്പുകൾ കൂടാതെ, ദോഹ ലൊസാനെ ഡയമണ്ട് ലീഗിൽ മിന്നുന്ന ജയമാണ് അദ്ദേഹം നേടിയത്. ദോഹയിൽ 88.67 മീറ്ററും ലോസാനിൽ 87.66 മീറ്ററും പിന്നിട്ട നീരജിന്റെ അടുത്ത ലക്ഷ്യം 90 മീറ്ററാണ്.
ജാവലിൻ ത്രോയിൽ ഡയമണ്ട് ലീഗിലെ നാലാമത്തെയും അവസാനത്തെയും മത്സരമാണിത്. 2023 ലെ ഡയമണ്ട് ലീഗ് സ്റ്റാൻഡിംഗിൽ 16 പോയിന്റുമായി നീരജ് ചോപ്ര നിലവിൽ മൂന്നാം സ്ഥാനത്താണ്. ബുഡാപെസ്റ്റിൽ 86.67 മീറ്റർ താണ്ടി വെങ്കലം നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെഷെ മൂന്ന് മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഒന്നാം സ്ഥാനത്തും മൂന്ന് മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ജർമ്മനിയുടെ ജൂലിയൻ വെബർ രണ്ടാമതുമാണ്.
വാഡ്‌ലെഷെ, വെബർ, മുൻ ലോക ചാമ്പ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് എന്നിവർക്കെതിരെയാണ് ഇത്തവണ അദ്ദേഹം മത്സരിക്കുന്നത്. ബുഡാപെസ്റ്റിൽ വെള്ളി മെഡൽ നേടിയ പാക്കിസ്ഥാന്റെ അർഷാദ് നദീം ഈ മത്സരത്തിൽ കളിക്കുന്നില്ല. ലീഗിലെ മികച്ച ആറ് ജാവലിൻ ത്രോക്കാർ യൂജിനിൽ ഫൈനൽ കളിക്കും. അതേസമയം ലോക ചാമ്പ്യൻഷിപ്പ് നിരാശയെ പിന്നിലാക്കി സൂറിച്ചിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മുരളി ശ്രീശങ്കർ ശ്രമിക്കും. കഴിഞ്ഞ വർഷം സൂറിച്ചിൽ നടന്ന ഡയമണ്ട് ലെഗ് ഫൈനലിൽ നീരജ് ജേതാവായിരുന്നു.