സ്റ്റെൻ്റ് വിതരണക്കാർക്ക് നല്‍കാനുള്ളത് 158 കോടി രൂപ; സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങിയേക്കും
കോഴിക്കോട്:സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയക്ക് ആവശ്യമായ സ്റ്റെന്റ് വിതരണം മുടങ്ങിയേക്കും. സ്റ്റെന്റ് വാങ്ങിയതിൽ കോടികളുടെ കുടിശ്ശിക വന്നതോടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 158 കോടി രൂപയാണ് സ്റ്റെൻ്റ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. ഇത് ലഭിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ പറയുന്നു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയക്ക് സ്റ്റൻ്റ് വാങ്ങിയതിലാണ് കോടികളുടെ കുടിശ്ശികയായത് . കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 29 കോടി രൂപ കുടിശ്ശികയുണ്ട് . ഇങ്ങനെ 21 സർക്കാർ ആശുപത്രികളിൽ നിന്നാണ് 158 കോടിയിലധികം രൂപ വിതരണകാർക്ക് ലഭിക്കാനുള്ളത് .
ഭീമമായ തുക കുടിശിക വന്നതോടെ സ്റ്റെൻ്റ് വിതരണം തുടരാൻ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ . ഇതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകൾ അനിശ്ചിതത്വത്തിലായേക്കും.
സ്റ്റൻ്റ് വിതരണക്കാരുടെ സംഘടനയായ CDMID വിഷയം ചൂണ്ടികാട്ടി ആരോഗ്യമന്ത്രിക്ക് കത്ത് നൽകാൻ ഒരുങ്ങുകയാണ് . ഇതിൽ അനുകൂല നടപടിയില്ലെങ്കിൽ തുടർ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് സംഘടന അറിയിച്ചു . രണ്ടുവർഷം മുമ്പ് സമാനമായി കുടിശ്ശിക ലഭിക്കാതെ സ്റ്റന്‍റ് വിതരണം നിർത്തിവച്ചിരുന്നു . പല സർക്കാർ ആശുപത്രികളിലും ഇതോടെ ശസ്ത്രക്രിയയും മുടങ്ങി .