71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്, മികച്ച നടി റാണി മുഖര്‍ജി
ന്യൂഡല്‍ഹി: എഴുപത്തിയൊന്നാമത് ദേശിയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജിയും മികച്ച നടനുള്ള പുരസ്കാരത്തിന് ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും അർഹരായി. മികച്ച സിനിമ ട്വല്‍ത്ത് ഫെയില്‍.
മികച്ച സഹനടിയായി ഉർവ്വശിയെയും സഹനടനായി വിജയരാഘവനെയും തെരഞ്ഞെടുത്തു. മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് ഉള്ളൊഴുക്ക് സ്വന്തമാക്കി. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്.
മികച്ച മലയാള സിനിമയായി ഉള്ളൊഴുക്ക് തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തില്‍ ഉര്‍വശി, പാര്‍വതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളില്‍ എത്തിയത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉർവ്വശിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചത്.
കേരള സ്റ്റോറിയുടെ സംവിധായകനായ സുദീപ്തോ സെന്നിനാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത്. മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡും കേരള സ്റ്റോറിക്കാണ്. മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരം 2018-ലൂടെ മോഹൻദാസ് സ്വന്തമാക്കി.
ജവാനിലെ പ്രകടനത്തിനാണ് ഷാരുഖ് ഖാനും ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിക്കും മികച്ച നടനുള്ള പുരസ്കാരങ്ങള്‍ ലഭിച്ചത്. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിനാണ് റാണി മുഖര്‍ജിക്ക് പുരസ്കാരം. പൂക്കാലം സിനിമയിലെ അഭിനയത്തിനാണ് സഹനടനായി വിജയരാഘവന് തെരഞ്ഞെടുക്കപ്പെട്ടത്.
ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം സിനിമയാണ് മികച്ച എഡിറ്റിനുള്ള അവാര്‍ഡിന് അര്‍ഹമായത്. മിഥുന് മുരളിയാണ് പുരസ്കാര ജേതാവ്. മികച്ച പ്രൊഡക്ഷൻ ഡിസൈനർ : മോഹൻദാസ്, ഹിന്ദി മികച്ച ചിത്രം: ട്വല്‍ത്ത് ഫെയില്‍, മികച്ച സംഗീത സംവിധായകന് ജി വി പ്രകാശ്.
എം കെ രാമദാസ് സംവിധാനവും നിർമാണവും നിർവഹിച്ച നേക്കൽ – ക്രോണിക്കിൾ ഓഫ് ദ പാടി മാൻ (മലയാളം), ഹിമാൻഷു ശേഖർ സംവിധാനം ചെയ്ത ദി സീ ആൻഡ് സെവൻ വില്ലേജസും (ഒഡിയ) പ്രത്യേക പരാമർശം നേടി. മികച്ച സിനിമാ നിരൂപണം: ഉത്പൽ ദത്ത് (ആസമീസ്). നോൺ ഫീച്ചർ വിഭാഗത്തിൽ എംകെ രാമദാസ് സംവിധാനം ചെയ്ത നെകൾ പ്രത്യേക പരാമർശം സ്വന്തമാക്കി.