അധ്യാപക ദിനത്തിൽ കൊടിയത്തൂരിലെ തലമുതിർന്ന അധ്യാപകൻ ചേക്കുട്ടി മാസ്റ്ററെ വെൽഫെയർ പാർട്ടി ആദരിച്ചു.
കൊടിയത്തൂർ: അധ്യാപക ദിനത്തോടനുബന്ധിച്ച് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ കൊടിയത്തൂരിലെ തലമുതിർന്ന അധ്യാപകൻ എ.പി. ചേക്കുട്ടി മാസ്റ്ററെ ആദരിച്ചു. (The Welfare Party honored Chekutty Master, a senior teacher of Kodiathur, on Teachers’ Day.)
ഗ്രാമ പഞ്ചായത്തംഗം ടി.കെ. അബൂബക്കർ മാസ്റ്റർ പൊന്നാട അണിയിച്ചു. 31- വർഷത്തെ സർവ്വീസിൽ 27 വർഷവും കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് നാട്ടിലും പരിസരത്തുമായി നൂറുകണക്കിന് ശിഷ്യസമ്പത്തുണ്ട്. എൺപതു പിന്നിട്ട അദ്ദേഹം കക്കാടം പൊയിൽ സ്കൂൾ ഹെഡ് മാസ്റ്ററായി 1998-ലാണ് വിരമിച്ചത് . ഇന്നും നാട്ടിലെ സാമൂഹ്യ-സേവന മേഖലകളിൽ വ്യാപൃതനാണദ്ദേഹം. ആദ്യകാല അനുഭവങ്ങൾ അയവിറക്കിയ മാസ്റ്റർ പുതിയ കാലഘട്ടത്തിലും ഊഷ്മളമായ ഗുരു-ശിഷ്യ ബന്ധങ്ങൾ നിലനിൽക്കട്ടെയെന്നും ഉത്തർപ്രദേശിൽ ഈയിടെ അധ്യാപികയിൽ നിന്നും ഒരു വിദ്യാർഥിക്ക് ഏൽക്കേണ്ടി വന്ന ജനാധിപത്യ-മതേതരത്വ വിരുദ്ധമായ പീഡനം ഏറെ ദു:ഖമുണ്ടാക്കിയെന്നും പറഞ്ഞു. കെ.ടി.ഹമീദ് അധ്യക്ഷത വഹിച്ചു. റഫീഖ് കുറ്റിയോട്ട് , സാലിം ജീറോഡ്, കെ. അബ്ദുല്ല മാസ്റ്റർ , എ.പി. അസീസ്, സി.വി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു .