തിരുവോണ ദിനത്തിൽ മലപ്പുറം കലക്ടറേറ്റിനു മുന്നിൽ പട്ടിണിസമരവുമായി ആദിവാസികൾ
മലപ്പുറം: തിരുവോണ ദിനത്തിൽ ആദിവാസികളുടെ പട്ടിണി സമരം. മലപ്പുറം കലക്ടറേറ്റിനു മുന്നിൽ നിലമ്പൂരിലെ ആദിവാസികളാണ് പട്ടിണി സമരം നടത്തിയത്. സർക്കാർ പ്രഖ്യാപിച്ച ഭൂമി ആവശ്യപ്പെട്ട് മാസങ്ങളായി ഇവർ ഇവിടെ സമരത്തിലാണ്.
അന്യാധീനപ്പെട്ട് പോയ ഭൂമി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിലമ്പൂരില്‍ 60 ആദിവാസി കുടുംബങ്ങള്‍ സമരം ചെയ്യുന്നത്. കൃഷിഭൂമി തിരിച്ചുനല്‍കണമെന്ന 2009-ലെ സുപ്രിംകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2018 മുതല്‍ നിലമ്പൂരിലെ ആദിവാസി ജനത സമരം നടത്തിയിരുന്നു. 2023 മെയ് 10 മുതല്‍ നിലമ്പൂര്‍ ഐടിഡിപിക്ക് മുന്നിലേക്ക് സമരം മാറ്റി.
2014 മാര്‍ച്ചില്‍ മലപ്പുറം ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയില്‍ ഓരോ കുടുംബത്തിനും 50 സെന്റ് വീതം ആറുമാസത്തിനകം നല്‍കാമെന്ന് കളക്ടര്‍ രേഖാമൂലം ഉറപ്പുനല്‍കി. എന്നാല്‍ ആ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് കലക്ടറേറ്റിനു മുന്നില്‍ ആദിവാസി ജനത രാപ്പകല്‍ സമരം ആരംഭിച്ചിരിക്കുന്നത്.