പീച്ചി പൊലീസ് സ്റ്റേഷൻ മർദനം; പണം വാങ്ങി കേസ് ഒതുക്കി തീർത്തു, എസ്‌ഐ വാങ്ങിയത് 5 ലക്ഷം രൂപ

തൃശൂർ പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടൽ മാനേജറേയും ഉടമയുടെ മകനെയും മർദിച്ചതിന് പിന്നാലെ പണം വാങ്ങി പൊലീസ് കേസൊതുക്കി. അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. പരാതിക്കാരൻ ദിനേശിന് പണം നൽകിയത് എസ്ഐ പറഞ്ഞിട്ടെന്ന് ഹോട്ടൽ ഉടമ ഔസേപ്പ്  പറഞ്ഞു.

പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പൊലീസ് സ്റ്റേഷനില്‍വെച്ച് എസ്ഐ പി.എം. രതീഷ് മർദിച്ചിരുന്നു. പരാതിക്കാരനായ ദിനേഷിനെ ഉപയോഗിച്ചാണ് എസ്‌ഐ പണം വാങ്ങുന്നത്. ഹോട്ടൽ ഉടമ ഔസേപ്പ് നൽകുന്ന പണത്തിൽ മൂന്ന് ലക്ഷം രൂപ പൊലീസുകാർക്കുള്ളതാണെന്നാണ് എസ്ഐ പി.എം. രതീഷ് പറഞ്ഞിരുന്നത്. ദിനേശ് ഔസേപ്പിന്റെ വീട്ടിൽ എത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. 5 ലക്ഷം രൂപ ദിനേശിന് നൽകിയതിന് ശേഷമാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് മാന്യമായ പെരുമാറ്റം എസ്ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഹോട്ടൽ ഉടമ ഔസേപ്പ്  പറഞ്ഞു.

 

പണം നൽകിയ ശേഷമാണ് മകനെയും ഹോട്ടലിലെ മറ്റ് മൂന്ന് ജീവനക്കാരെയും കേസ് രജിസ്റ്റർ ചെയ്യാതെ പുറത്തേക്ക് 15 മിനിറ്റിനുള്ളിൽ എഫ്‌ഐആർ പോലുമില്ലാതെ വിടുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. മെയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14-നാണ് കിട്ടിയത്. ഔസേപ്പ് നൽകിയ വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *