രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തൽ; യുവ നടിയുടെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനിലെതിരായ വെളിപ്പെടുത്തലിൽ യുവനടിയുടെ മൊഴി രേഖപ്പെടുത്തി. രാഹുൽ അയച്ച സന്ദേശങ്ങളുടെ വിവരങ്ങളും തെളിവും നടി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.
അതേസമയം, പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് നടി വ്യക്തമാക്കി. നേരത്തെ തന്നെ നിയമനടപടിയുമായി നീങ്ങാൻ താൽപര്യമില്ലെന്ന് നടി പറഞ്ഞിരുന്നു. യുവ നടിയെ പരാതിക്കാരി ആക്കണോ എന്ന കാര്യത്തിൽ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടും. ഇരകളായിട്ടുള്ള സ്ത്രീകൾ ആരും തന്നെ നിയമനടപടികൾ സ്വകരിക്കാൻ താൽപര്യം കാണിക്കാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.
രാഹുലിനെതിരെ ആദ്യം വെളിപ്പെടുത്തൽ നടത്തിയത് യുവ നടിയാണ്. രാഹുൽ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്ന ശല്യം ചെയ്തെന്ന് യുവ നടി ആരോപിച്ചിരുന്നു. ഇക്കാര്യം ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലും നടി ആവർത്തിച്ചു. രാഹുൽ അശ്ലീല സന്ദേശം അയച്ചെന്ന് പറഞ്ഞ കാര്യമടക്കം തെളിവായി യുവനടി അന്വേഷണ സംഘത്തിന് നൽകി. വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു.
അതിനിടെ രാഹുൽ വിഷയത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് രാഹുലിന് അനുകൂലമായി പരാതി നൽകിയ യുവതി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഗൂഢാലോചനയിൽ വി.ഡി സതീശനും രമേശ് ചെന്നിത്തലക്കും പങ്കുണ്ടെന്ന മൊഴിയാണ് യുവനടി നൽകിയത്. ഈ കാര്യത്തിൽ അന്വേഷണം നടത്തണമെന്നും യുവതി മൊഴി നൽകി. മൊഴി നൽകിയത് യൂത്ത് കോൺഗ്രസ് വനിതാ നേതാവാണെന്നാണ് സൂചന.