തദ്ദേശ തെരഞ്ഞെടുപ്പിലെ പുതിയ കരട് പട്ടികയിൽ വലിയ അപാകതകളെന്ന് കെ.എസ് ശബരീനാഥ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പുതിയ കരട് പട്ടികയിൽ വലിയ അപാകതകളുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥ്. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചനയില്ലാതെ സവിശേഷ നമ്പർ തീരുമാനിച്ചതിൽ ദുരൂഹതയുണ്ട്. കള്ളവോട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും ചേർന്ന് സാധൂകരിക്കുന്നു.
ഇന്നലെ പ്രസദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് വോട്ടർ ഐഡി നമ്പർ ഒഴിവാക്കിയെന്നും ശബരീനാഥ് പറഞ്ഞു. ഒരേ വോട്ടർ ഐഡിയിൽ ഉള്ളയാൾക്ക് രണ്ടിടങ്ങളിൽ വോട്ടുണ്ട്. എന്നാൽ എസ്ഇസി നമ്പർ (പുതിയ ഒമ്പത് അക്ക നമ്പർ) വ്യത്യസ്തമാണ്.
എസ്ഇസി നമ്പർ ഉപയോഗിച്ച് രണ്ടിടങ്ങളിലും വോട്ട് ചെയ്യാനാകും. സവിശേഷ നമ്പർ ഉപയോഗിച്ച് മാത്രം രാഷ്ട്രീയ പാർട്ടികൾക്ക് എങ്ങനെ വോട്ടർമാരെ വെരിഫൈ ചെയ്യാനാവുമെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ പ്രാഥമികമായി നടത്തിയ പരിശോധനയിൽ 400ലേറെ ഇരട്ട വോട്ടുകൾ കണ്ടെത്തി. സവിശേഷ നമ്പർ കൊണ്ടുവന്നത് കൃത്യമായി പരിശോധിക്കാതെ ഇതാർക്ക് വേണ്ടി കൊണ്ടുവന്നെന്നും ശബരിനാഥൻ ചോദിച്ചു. ഇരട്ട വോട്ടുള്ളവർക്ക് വ്യത്യസ്ത സവിശേഷ നമ്പർ നൽകി കള്ളവോട്ടുകൾ സാധൂകരിക്കുകയാണെന്നും ശബരീനാഥ് ആരോപിച്ചു.