ശബരിമല സ്വര്‍ണപ്പാളി വിവാദം; വീഴ്ച സമ്മതിച്ച് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: സ്വർണപ്പാളി സ്പോൺസർക്ക് കൈമാറിയതിൽ വീഴ്ച ഉണ്ടായി ഉണ്ടായെന്ന് സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത്. 1999 മുതൽ 21 വരെയുള്ള എല്ലാ കാര്യത്തിലും സമഗ്രമായ അന്വേഷണം വേണം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്ത് വിടാൻ പാടില്ലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ആരാണെന്ന് ദേവസ്വം ബോർഡിന് ധാരണയില്ലെന്നും ശബരിമലയിലെ സ്വർണം ഇടപാടുമായി ബന്ധപ്പെട്ടുള്ള രജിസ്റ്ററുകൾ കൃത്യമെന്നും പ്രശാന്ത് പറഞ്ഞു.
അതേസമയം ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയത് ബംഗളൂരുവിലേക്കാണ്. സ്വർണപ്പാളി ശ്രീറാംപുറ ക്ഷേത്രത്തിലെത്തിച്ചതായാണ് വിജിലൻസിന് ലഭിച്ച വിവരം. യഥാർഥ സ്വർണപ്പാളി മാറ്റി മറ്റൊരു പാളിയാണോ ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടുവന്നതെന്ന് വിജിലൻസ് അന്വേഷിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിയേയും ബംഗളുരുവിലുള്ള സുഹൃത്തുക്കളേയും ചോദ്യം ചെയ്യുമെന്ന് വിജിലൻസ് വ്യക്തമാക്കി. ശ്രീറാംപുറ ക്ഷേത്രത്തിന് പോറ്റിയുമായും ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. ദ്വാരപാലക ശില്പത്തില് നിന്ന് 2019ല്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയില്‍ എത്തിച്ചത് ചെമ്പ് പാളിയെന്നാണ് കണ്ടെത്തല്‍. തിരുവാഭരണം കമ്മീഷണര്‍ തയ്യാറാക്കിയ മഹസറിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചിരുന്നു. മഹസറില്‍ സ്പോണ്‍സറായി ഒപ്പിട്ടത് ഉണ്ണികൃഷ്ണന് പോറ്റിയാണ്.1999-ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയ പാളി എങ്ങനെ ചെമ്പായി മാറിയെന്നതിലാണ് ദുരൂഹത.
2019 ആഗസ്റ്റ് 29നാണ് ദ്വാരപാലകശില്പ പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട്സ് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ എത്തിക്കുന്നത്. ഒരു മാസം ഇവ അനധികൃതമായി ഇയാള്‍ കൈയില്‍ സൂക്ഷിച്ചിരുന്നു. സ്വര്‍ണം പൂശുന്നതിന് മുന്‍പ് 38,258 ഗ്രാം ചെമ്പ് പാളികളാണ് നേരില്‍ കണ്ടതെന്ന് അന്നത്തെ തിരുവാഭരണം കമ്മീഷണര്‍ ആര്.ജി രാധാകൃഷ്ണന് തയ്യാറാക്കിയ മഹസറില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.