ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടം; ആദ്യഘട്ട വോട്ടെടുപ്പ് നവംബർ ആറിന്, വോട്ടെണ്ണൽ‌ 14ന്

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. നവംബർ ആറിനും പതിനൊന്നിനും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ടം നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 17ഉം രണ്ടാംഘട്ടം നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 20 ഉം ആണ്. വോട്ടെണ്ണൽ നവംബർ14ന് നടക്കും.

കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് കരട് വോട്ടർപട്ടിക പുറത്തുവിട്ടിരുന്നു. കരട് പട്ടികയിൽ അവകാശങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ ആവശ്യമായ സമയവും നൽകിയിരുന്നു. അന്തിമ വോട്ടർ പട്ടികയും പുറത്തുവിട്ടു. ആരുടെയെങ്കിലും പേരുകൾ ഒഴിവാക്കപ്പെട്ടെങ്കിൽ അവർക്ക് നാമനിർദേശം നൽകുന്നതിന് 10 ദിവസം മുൻപ് സമീപിക്കാൻ കഴിയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. ഇതുവരെ നടന്നതിൽ വച് നല്ല രീതിയിൽ ആയിരിക്കും ബീഹാർ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് അദേഹം പറ‍ഞ്ഞു.

ബിഹാറിൽ 7.43 കോടി ആകെ വോട്ടർമാരാണുള്ളത്. തിരഞ്ഞെടുപ്പിനായി 90712 ആകെ പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കും. പോളിംഗ് സ്റ്റേഷനുകളിൽ എല്ലാത്തരത്തിലുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. പോളിംഗ് സ്റ്റേഷനുകൾ ഗ്രൗണ്ട് ഫ്ലോറുകളിൽ തന്നെയായിരിക്കും.വോളണ്ടിയർമാരെയും വീൽചെയർ സംവിധാനങ്ങളും ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. അക്രമങ്ങൾക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദേഹം വ്യക്തമാക്കി. പോളിങ് സ്റ്റേഷനുകളിൽ സിആർപിഎഫ് സംഘത്തെയും വിന്യസിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.

പോളിംഗ് സ്റ്റേഷന് പുറത്ത് മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക കൗണ്ടറുകൾ ഒരുക്കും. ഒരു പോളിംഗ് സ്റ്റേഷനിൽ 1200 വോട്ടർമാർ എന്ന രീതിയിൽ നിയന്ത്രണം ഏർപ്പെടുത്തും. ഇത് നീണ്ട ക്യു ഒഴിവാക്കാൻ കഴിയും. പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് 100 മീറ്റർ അകലെ ആയിരിക്കും പാർട്ടി ബൂത്തുകൾക്ക് അനുമതി. കൂടാതെ ബിഎൽഒമാരുമായി ബന്ധപ്പെടാൻ പ്രത്യേക വോട്ടർ ഹെൽപ്പ് ലൈൻ നമ്പർ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി. 1950 എന്നതാണ് വോട്ടർ ഹെൽപ്‌ലൈൻ നമ്പർ.

മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ജമ്മു കശ്മീർ, ഒഡിഷ, ജാർഖണ്ഡ്, മിസോറാം, പഞ്ചാബ്, തെലങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 11 ന് നടക്കും. വോട്ടെണ്ണൽ നവംബർ 14ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *