തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ മരിച്ച സംഭവം; അന്വേഷണം സി ഐയ്ക്ക് കൈമാറി

തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ച സംഭവത്തിൽ അന്വേഷണം സി.ഐക്ക് കൈമാറി. റെയിൽവേ പൊലീസ് എസ് പി ഷഹിൻ ഷാ ആണ് അന്വേഷണം സിഐക്ക് കൈമാറിയത്. ഷൊർണൂർ റെയിൽവേ സി.ഐ രമേഷിനാണ് അന്വേഷണ ചുമതല.നേരത്തെ തൃശ്ശൂർ റെയിൽവേ എസ്ഐ നൗഷാദിനായിരുന്നു സംഭവത്തിന്റെ അന്വേഷണ ചുമതല നൽകിയിരുന്നത്. എന്നാൽ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറിയത്.

കഴിഞ്ഞദിവസം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. 15 ദിവസത്തിനകം തൃശ്ശൂർ സിറ്റി പൊലീസും റെയിൽവേയും റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ഉദ്യോഗസ്ഥ വീഴ്ചയിൽ ഒരു ജീവൻ പൊലിഞ്ഞതിൻ്റെ വേദന വെളിവാക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോർ പുറത്തുവിട്ടതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ വീ ഗീത സ്വമേധയാ കേസടുത്തത്. സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ദക്ഷിണ റെയിൽവേയോടും പൊലീസിനോട് ആവശ്യപ്പെട്ടു. ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടുമായി റെയിൽവേ മുന്നോട്ട് പോകുന്നതിനിടെ ഉദ്യോഗസ്ഥ വീഴ്ച സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലുമായി സഹയാത്രികനും രംഗത്തെത്തിയിരുന്നു.

ചാലക്കുടി മാരാംകോട് ആദിവാസി ഉന്നതിയിലെ 26 വയസ്സുള്ള ശ്രീജിത്ത് ആണ് ഹൃദയാഘാതത്തെ തുടർന്ന് പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ മുളങ്കുന്നത്ത് കാവ് റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *