ട്രംപിനില്ല; സമാധാന നൊബേൽ മരിയ കൊരീന മച്ചാഡോക്ക്

സ്റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം മരിയ കൊരീന മച്ചാഡോക്ക് ലഭിച്ചു. വെനസ്വേലൻ പ്രതിപക്ഷ നേതാവും ജനാധിപത്യ മനുഷ്യാവകാശ പ്രവർത്തകയുമാണ് മരിയ. വെനസ്വേലേയിലെ ജനാധിപത്യ പോരാളിയെന്നാണ് നൊബേൽ കമ്മിറ്റി മരിയയെക്കുറിച്ച് പറഞ്ഞത്.

ട്രംപിന്റെ ഫ്രണ്ട്, ഇസ്രായേൽ അനുകൂലി; ആരാണ് നൊബേൽ നേടിയ മരിയ കൊരീന മച്ചാഡോ?

 

 

സമാധാനത്തിനുള്ള നൊബേൽ ലഭിക്കുന്ന ഇരുപതാമത് വനിതയാണ് മരിയ. 2011 മുതൽ 2014 വരെ വെനസ്വേലയുടെ നാഷണൽ അസംബ്ലിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു. നിസഹായരായ ആളുകൾക്ക് വേണ്ടി പോരാടിയ വനിത എന്ന് നൊർവീജിയൻ നൊബേൽ കമ്മിറ്റി മരിയയെ വിശേഷിപ്പിക്കുന്നു. വെനസ്വേലയുടെ ഉരുക്കു വനിത എന്നാണ് മരിയ അറിയപ്പെടുന്നത്.

ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളാണ് മരിയ കൊറീന. വെനസ്വേലയിലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ളത്‌ മരിയയാണ്. 2002ലാണ് മരിയ രാഷ്ട്രീയത്തിലെത്തുന്നത്. അലക്‌സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മരിയ പിന്നീട് വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി. 2018ൽ ബിബിസി തെരഞ്ഞെടുത്ത ലോകത്തെ 100 ശക്തയായ വനിതകളിൽ ഒരാളാണ്. ഈ വർഷം ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ടൈം മാഗസിൻ തെരഞ്ഞെടുത്തതിലും മരിയ ഉൾപ്പെട്ടിരുന്നു.

ഏഴ് യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചുവെന്നും തനിക്ക് നൊബേലിന് അർഹതയുണ്ടെന്നും അവകാശപ്പെട്ട് ട്രംപ് രംഗത്തു വന്നതോടെ ആർക്കായിരിക്കും നൊബേൽ എന്നത് ലോകം ഉറ്റുനോക്കുകയായിരുന്നു. നൊബേലിന് താൻ അർഹനാണെന്ന് വിശദീകരിക്കാൻ പല വേദികളും ട്രംപ് ഉപയോഗിച്ചിരുന്നു. എന്നാൽ ട്രംപിന് നൊബേൽ ലഭിക്കാനുള്ള സാധ്യത വിരളമാണെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *