കണ്ണൂരില്‍ ബിഎല്‍ഒ ജോലിക്കിടെ കുഴഞ്ഞുവീണു

BLO collapses while working in Kannur

കണ്ണൂര്‍: സംസ്ഥാനത്ത് ജോലിഭാരത്തില്‍ ബിഎല്‍ഒമാരുടെ പ്രതിഷേധം കനക്കുന്നതിനിടെ കണ്ണൂരില്‍ വീണ്ടും ബിഎല്‍ഒ കുഴഞ്ഞുവീണു. കീഴല്ലൂര്‍ കുറ്റിക്കര സ്വദേശി വലിയ വീട്ടില്‍ രാമചന്ദ്രന്‍(53)ആണ് കുഴഞ്ഞുവീണത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ ജോലിക്കിടെയാണ് സംഭവം.

ഇന്ന് വൈകിട്ട് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലാണ് സംഭവം. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ജോലിഭാരത്തെ തുടര്‍ന്ന് ബിഎല്‍ഒമാരുടെ പ്രതിഷേധം കനക്കുന്നതിനിടെ ബിഎല്‍ഒമാര്‍ക്ക് പുതിയ ടാര്‍ഗറ്റ് നല്‍കിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

‘ടാര്‍ഗറ്റ് തികയ്ക്കാന്‍ ഉള്ള സമ്മര്‍ദം വളരെ വലുതാണ്. രാവിലെ 8.30 മുതല്‍ രാത്രി 9.30 വരെ ഫീല്‍ഡില്‍ നില്‍ക്കേണ്ട അവസ്ഥയാണ്. ജോലി കഴിഞ്ഞ് വന്ന് രാത്രി ഓണ്‍ലൈന്‍ മീറ്റിങിനും ഇരിക്കേണ്ടിവരുന്നു. യാതൊരു പരിശീലനവും തരാതെയാണ് ബിഎല്‍ഒമാരെ നിയോഗിച്ചത്.’ കൊല്ലം കടവൂരിലെ ബിഎല്‍ഒ പൗളിന്‍ ജോര്‍ജ് പറഞ്ഞു.

അതിനിടെ മലപ്പുറം ജില്ലാ കലക്ടര്‍ ബിഎല്‍ഒമാര്‍ക്ക് പുതിയ ടാര്‍ഗറ്റ് നല്‍കിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബിഎല്‍ഒമാരുടെ സമ്മര്‍ദം പരിഗണിക്കണമെന്നും അമിതജോലി നല്‍കുന്നതിനെ എതിര്‍ക്കുമെന്നും എ.പി അനില്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ബിഎല്‍ഒമാരെ സമ്മര്‍ദത്തിലാക്കാന്‍ അല്ല ഉത്തരവിറക്കിയതെന്നും അവരെ സഹായിക്കാനാണ് ശ്രമമെന്നും മലപ്പുറം ജില്ലാ കലക്ടര്‍ വിനോദ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *