ബാർക്ക് റേറ്റിംഗ് തട്ടിപ്പ്; റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്ത് കളമശേരി പൊലീസ്

വാർത്താ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക്ക് ഡേറ്റാ തട്ടിപ്പിൽ റിപ്പോർട്ടർ ടി വി എംഡി ആന്റോ അഗസ്റ്റിനെ രണ്ടാം പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസെടുത്തു. ബാർക്ക് ജീവനക്കാരൻ പ്രേംനാഥാണ് ഒന്നാംപ്രതി. കൃത്രിമ രേഖ ചമക്കൽ, വഞ്ചനാ കുറ്റം എന്നിവ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ബാർക്ക് ഡേറ്റയിൽ തിരിമറി നടത്തി റിപ്പോർട്ടർ ടിവിയെ മുന്നിലെത്തിക്കാൻ പ്രേംനാഥിന് ആന്റോ അഗസ്റ്റിൻ കോടികൾ കൈമാറിയെന്ന് ട്വന്റിഫോറിന്റെ ഓപ്പറേഷൻ സത്യയിൽ കണ്ടെത്തിയിരുന്നു.
ക്രിപ്റ്റോ കറൻസി വഴിയും ഇടപാടുകൾ നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് വിശദ അന്വേഷണം വേണമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട്, വാർത്താ ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാർക്ക് ജീവനക്കാരൻ പ്രേംനാഥും കേരളത്തിലെ ആ ചാനൽ ഉടമയും തമ്മിൽ നിരന്തരം ഫോൺവിളികളും വാട്സ് ആപ്പ് ചാറ്റുകളും നടന്നു. ആ വാട്സ് ആപ്പ് ചാറ്റുകളും ട്വന്റിഫോർ പുറത്തുവിട്ടിരുന്നു.
2025 മെയ് 17ന് ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ രാവിലെ 6.19 ന് പ്രേംനാഥിനോട് വാട്ട്സാപ്പ്ചാറ്റിലൂടെ സ്കോർ എത്ര എന്ന് ചേദിക്കുന്നു. അതിന് മറുപടിയായി അല്പസമയത്തിനുശേഷം 6.33ന് പ്രേംനാഥ് will update എന്ന് അയക്കുന്നു. 6-35 ന് ചാനൽ ഉടമ Okഎന്ന് തിരിച്ച് മെസേജ് അയക്കുന്നു. തുടർന്ന് അന്നുതന്നെ വൈകീട്ട് 3.10 ന് 113 to 116എന്ന് പ്രേംനാഥ് ചാനൽ ഉടമയ്ക്ക് റേറ്റിംഗ് നമ്പർ അയക്കുന്നു. തുടർന്ന് വന്ന റേറ്റിംഗിൽ ഈ നമ്പർ കിറുകൃത്യമായി എന്നതും തട്ടിപ്പിൻ്റെ തെളിവായി അവശേഷിക്കുന്നു.
അതേസമയം, സ്വന്തം ചാനലിൻ്റെ റേറ്റിംഗ് വർധിപ്പിച്ച് പരസ്യ വരുമാനം വർധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള കഴിഞ്ഞ ഒരു വർഷത്തിലധികമായി കേരളത്തിൽ വിജയകരമായി നടപ്പിലാക്കി വന്ന ചാനൽ ഉടമയുടെ ഗൂഢതന്ത്രമാണ് ട്വന്റി ഫോർ പുറത്തുകൊണ്ടുവന്നത്.
വടക്കൻ കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന ഒരു കേബിൾ നെറ്റ് വർക്കിൽ ലാൻഡിംഗ് പേജ് എടുത്ത് റേറ്റിംഗിൽ വൻ വർദ്ധനവുണ്ടാക്കി എന്ന അവകാശ വാദത്തോടെയാണ് ബാർക്ക് തിരിമറിക്ക് ചാനൽ ഉടമ തുടക്കം കുറിച്ചത്. 85 ലക്ഷത്തോളം കേബിൾ കണക്ഷനുകളുള്ള കേരളത്തിൽ ഈ ചെറിയ നെറ്റ് വർക്കിലെ ലാൻ്റിംഗ് പേജ് റേറ്റിംഗിൽ അത്ഭുതങ്ങളുണ്ടാക്കി എന്ന് പരസ്യ ദാതാക്കളേയും ടെലിവിഷൻ പ്രേഷകരേയും അതി വിദശ്ധമായി പറ്റിക്കാൻ ചാനൽ ഉടമയ്ക്കായി. ഇതോടൊപ്പം തട്ടിപ്പിന് കളമൊരുക്കാൻ യൂട്യൂബ് വ്യൂവർഷിപ്പിലുംവ്യാപകമായി തട്ടിപ്പു നടത്താൻ ഫോൺ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയും ചാനൽ ഉടമ ഉപയോഗിച്ചു. മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിംഗ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കി. ഇതോടൊപ്പം പ്രചരണത്തിന് പെയ്ഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളേയും കൂട്ടുപിടിച്ചെന്നും കണ്ടെത്തി.
