രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കി

തിരുവനന്തപുരം: ലൈംഗികപീഡനക്കേസിൽ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് പുറത്താക്കി. രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് രാഹുലിനെ പുറത്താക്കിയത്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
നടപടിക്രമങ്ങളുടെ കാലതാമസാണ് രാഹുലിനെ പുറത്താക്കുന്ന കാര്യത്തിൽ ഉണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. എംഎൽഎ സ്ഥാനം രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഹുലാണ്. തെരഞ്ഞെടുപ്പിൽ രാഹുൽ വിഷയം തിരിച്ചടിയാവില്ല. മാതൃകാപരമായ നടപടികളാണ് രാഹുലിനെതിരെ ആരോപണം വന്നത് മുതൽ കോൺഗ്രസ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ പുതുതായി രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. രാഹുൽ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നൽകുന്നത് കേസിന്റെ തുടർനടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബലാത്സംഗവും ഗർഭഛിദ്രവും നടന്നുവെന്ന് സ്ഥാപിക്കുന്നതിന് ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
