വാളയാറിലെ ആൾക്കൂട്ട കൊലപാതകം; ‘കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകും’; ഉറപ്പ് നൽകി ജില്ലാ ഭരണകൂടം

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകി. പാലക്കാട് ആർ ഡി ഓ കുടുംബവുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പു നൽകിയത്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. ആവശ്യങ്ങൾ അംഗീകരിച്ചതായി പാലക്കാട് ജില്ലാ ഭരണകൂടം വാർത്താ കുറിപ്പായി പുറത്തിറക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതും ജില്ലാ ഭരണകൂടം അംഗീകരിച്ചു. ഉറപ്പ് ലഭിച്ച് കഴിഞ്ഞാൽ മൃതദേഹം ഏറ്റെടുക്കാമെന്ന് കുടുംബം വ്യക്തമാക്കി.
റാം നാരായൺ ബഗേലിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കുടുംബവും ഇവിടെ തുടരുന്നുണ്ട്. അതേസമയം ആൾക്കൂട്ടക്കൊലയിലെ അന്വേഷണത്തിൽ കോൺഗ്രസ് ആരോപണവുമായി രംഗത്തെത്തി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം അറിയുന്നതുകൊണ്ടാണ് പൊലീസ് അഞ്ചുപേരെ മാത്രം പിടിച്ചത്. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ല. പ്രതികൾക്ക് രക്ഷപെട്ടുപോകാനുള്ള സമയം പൊലീസ് കൊടുത്തുവെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ കുറ്റപ്പെടുത്തി.
പ്രതികളായ 15 പേരിൽ 14 പേർ ബിജെപി അനുഭാവിയും ഒരാൾ സിപിഐഎം അനുഭാവിയുമാണെന്ന് എ തങ്കപ്പൻ പറഞ്ഞു. റാം നാരായണന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഏറ്റെടുക്കാൻ തയാറാണെന്ന് കോൺഗ്രസ് അറിയിച്ചു. ചെലവ് വഹിക്കാൻ ഡിസിസിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർദേശം നൽകി.
വാളയാർ അട്ടപ്പളത്താണ് ആൾക്കൂട്ട മർദനം നടന്നത്. മോഷ്ടാവെന്ന് സംശയിച്ചാണ് ആൾക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായണനെ മർദിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം. കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്.
