പി.വി. അന്‍വറും സി.കെ. ജാനുവും യു.ഡി.എഫിൽ
കൊച്ചി: പി.വി. അന്‍വറും സി.കെ ജാനുവും യു.ഡി.എഫിലേക്ക്. പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യു.ഡി.എഫ് അസോസിയേറ്റ് അംഗമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തിലാണ് ധാരണയായത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് കാണുന്ന യു.ഡി.എഫ് ആയിരിക്കില്ലെന്നും അടിത്തറ വിപുലീകരിച്ച യു.ഡി.എഫ് ആയിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും സതീശൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള ആദ്യ യുഡിഎഫ് യോഗം കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും വിവിധ തദ്ദേശസ്ഥാപനങ്ങളിലെ പദവികള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും യോഗം അവലോകനം ചെയ്യും. ജോസ് കെ. മാണി, പി.വി അന്‍വര്‍, സി.കെ ജാനു അടക്കമുള്ളവരുടെ മുന്നണിപ്രവേശനം യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, ജോസ് കെ. മാണിയുടെ കാര്യത്തിൽ തീരുമാനമായില്ല.
